വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍.
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വിഎസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും രണ്ട് വര്‍ഷമായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു.16 വയസ്സു മുതല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം പിന്നീട് 1957ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം നേടി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കോണ്‍ഗ്രസ്സില്‍ നിന്നിറങ്ങി വന്ന് 32 പേര്‍ ചേര്‍ന്ന് പാര്‍ട്ടി രൂപീകരിച്ചതില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്ചുതാനന്ദനാണ്.
2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പത്രവായനയും, ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങള്‍ വിഎസിന്റെ പിറന്നാള്‍ ആഘോഷിക്കും.വിഎസ് ധീരതയോടെ തലയുയര്‍ത്തി തന്നെ എല്ലാം നേരിട്ടു. ഇന്നും തന്റെ ഉറച്ച നിലപാടുകളോടെ, പോരാട്ടത്തിന്റെ അണയാത്ത ജ്വാലയായി 98 -ാം വയസിലും തളരാത്ത വീര്യമായി വിഎസ് യാത്ര തുടരുന്നു.