വയനാട് കൃഷി മുഖ്യകാര്യാലയ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം

0

കഴിഞ്ഞ 30 വര്‍ഷത്തിലധികമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 65-ഓളം ജീവനക്കാര്‍ സേവനം ചെയ്യുന്ന വയനാട് കൃഷി മുഖ്യ കാര്യാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി തുടങ്ങണമെന്ന് കേരള അഗ്രികള്‍ച്ചര്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ എ ബ്ലോക്കിലെ 5-ാംനിലയില്‍ കെട്ടിട പ്രവര്‍ത്തി ആരംഭിക്കാനായി 21.12.16 ല്‍ 290 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. അതു പ്രകാരം ടെണ്ടര്‍ നടപടി ആരംഭിക്കുകയും മുവാറ്റുപുഴയിലുള്ള ഒരു കരാറുകാരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ കെട്ടിടത്തിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ പോലും തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെയും കരാറുകാരന്റെയും അനാസ്ഥക്കും മെല്ലെ പ്പോക്ക് നയത്തിനുമെതിരെ കൃഷി വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പ്രതിമാസം 25000 ത്തോളം വാടക അനുബന്ധ ചിലവ് വരുന്ന കെട്ടിടത്തില്‍ ജീവനക്കാര്‍ അസൗകര്യം അനുഭവിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലധികമായി. കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് വി.സുജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഹര്‍ഷ കുമാര്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍ മുരളീധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരള അഗ്രികള്‍ച്ചര്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജീവ്, സെക്രട്ടറിയേറ്റ് അംഗം എം.കെ രാമകൃഷ്ണന്‍, കെ.സുധാകരന്‍, ഷൈജു മാത്യു, പി സൂപ്പി, പി.ബി ലതിക എന്നിവര്‍ സംസാരിച്ചു. എന്‍.ടി. സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എസൈനുദ്ദീന്‍ നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!