ജില്ലയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ രണ്ടാഴ്ച്ചകകം പൂര്‍ത്തീകരിക്കാന്‍ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളില്‍ നിന്നും പരാതിയുയരുന്ന സാഹചര്യത്തില്‍ 15 ദിവസത്തിനു ശേഷം റോഡ്സ് വിഭാഗത്തിന്റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആദിവാസി മേഖലയിലെ കുട്ടികളില്‍ അനീമിയ, പോഷകാഹാര കുറവ് എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞാറാഴ്ചകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിക്കണം. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ പ്രവണത കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ കൗണ്‍സിലിംഗ് നല്‍കണം. വന്യമൃഗ ശല്യം പരിഹരിക്കാന്‍ വനം വകുപ്പ് നോര്‍ത്ത് – സൗത്ത് ഡിവിഷന്റെയും വൈല്‍ഡ്ലൈഫ് വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 574 കോടിയുടെ സമഗ്ര പാക്കേജ് കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ വികസന സമിതിയുടെ ശുപാര്‍ശ ഫോറസ്റ്റ് സെക്രട്ടറിക്ക് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
വിവിധ വകുപ്പുകളുടെ നിര്‍വഹണ പുരോഗതിയും ത്വരിതപ്പെടുത്തേണ്ട നടപടികളും യോഗം വിശകലനം ചെയ്തു. പദ്ധതി നിര്‍വഹണത്തില്‍ ജില്ല 47.82 ശതമാനം ചെലവഴിച്ചതായി ജില്ലാ വികസന സമിതി വിലയിരുത്തി. ആകെയുള്ള 253 പദ്ധതികള്‍ക്ക് അനുവദിച്ച 476.82 കോടി രൂപയില്‍ 228.05 കോടി രൂപ ഇതുവരെ വിവിധ വകുപ്പുകള്‍ ചെലവാക്കി. ആകെ 214 സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും 38 കേന്ദ്രാവീഷ്‌കൃത പദ്ധതികളുമാണ് ജില്ലയില്‍ നടപ്പാക്കുന്നത്. സംസ്ഥാന പദ്ധതികള്‍ 52.71 ശതമാനവും പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പദ്ധതികള്‍ 33.48 ശതമാനവും ഇതര കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 40.9 ശതമാനവും നിര്‍വഹണ പുരോഗതി കൈവരിച്ചു. ഡിസംബറോടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, എ.ഡി.എം. കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനീംഗ് ഓഫീസര്‍ കെ.എം. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.