കൊവിഡിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള രണ്ട് ആരോഗ്യപ്രശ്നങ്ങള്‍.

0

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തി നേടിയാല്‍ പോലും പല ആരോഗ്യപ്രശ്നങ്ങളും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാമെന്ന് നമുക്കറിയാം. ഇത്തരത്തില്‍ അധിക പേരിലും ഒരു വര്‍ഷത്തേക്കെങ്കിലും നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള രണ്ട് ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിക്കുകയാണ് അടുത്തിടെ പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട്.

‘ദ ലാന്‍സെറ്റ്’ എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ചൈനയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് മുക്തി നേടിയ ആളുകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി പഠനം സംഘടിപ്പിച്ചത്.

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശ്വാസതടസം, ക്ഷീണം എന്നിവയാണത്രേ അധികം രോഗികളിലും ഒരു വര്‍ഷത്തേക്കെങ്കിലും നീണ്ടുനില്‍ക്കുന്ന രണ്ട് ആരോഗ്യപ്രശ്നങ്ങള്‍. കൊവിഡ് 19 പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുകയെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ഇതിന്റെ പരിണിതഫലങ്ങള്‍ ഏറെയും നേരിടുന്നത് ശ്വാസകോശം തന്നെയാണ്.
ഇതിന് പുറമെ ഏത് തരം വൈറസ് ആക്രമണമായാലും ശരീരം കാര്യമായിത്തന്നെ ദുര്‍ബലമായി മാറും. ഇതിന്റെ ഭാഗമായാണ് ക്ഷീണം അനുഭവപ്പെടുന്നത്. കൊവിഡ് 19ന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല.

‘കൊവിഡ് ബാധിച്ചവരില്‍ മിക്കവരും പരിപൂര്‍ണ്ണമായും പഴയ ആരോഗ്യനിലിയലേക്ക് തിരിച്ചുവരും. എന്നാല്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നവര്‍, തീവ്രമായി രോഗം ബാധിച്ചവര്‍ എന്നിവരില്‍ അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ശ്വാസതടസവും ക്ഷീണവും കാണാന്‍ ഇടയുണ്ട്…’- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ബിന്‍ കാവോ പറയുന്നു. ചിലരില്‍ കൊവിഡ് മുക്തിക്ക് ശേഷം ആരോഗ്യം പഴയനിലയിലാകാന്‍ ധാരാളം സമയമെടുക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. രോഗം ബാധിച്ച് അതിനെ അതിജീവിച്ചവരെയും പ്രത്യേകം ശ്രദ്ധ നല്‍കി പരിചരിക്കേണ്ടതുണ്ടെന്ന വിഷയമാണ് ഈ കണ്ടെത്തല്‍ ഉയര്‍ത്തിക്കാട്ടുന്നത്. കൊവിഡിന് ശേഷം കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ സ്ത്രീകളിലും പുരുഷന്മാരിലും ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും പഠനം പറയുന്നു. ക്ഷീണവും, പേശികളുടെ ബലക്ഷയവും, ശ്വാസതടസവുമെല്ലാം അധികവും സ്ത്രീകളെയാണ്രേത ബാധിക്കുക. അതുപോലെ തന്നെ കൊവിഡാനന്തരം ഉണ്ടാകുന്ന ഉത്കണ്ഠ, വിഷാദരോഗം എന്നിവയും സ്ത്രീകളിലാണ് അധികവും കാണുകയെന്നും പഠനം അവകാശപ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!