മരം മുറിക്കുന്നതിന് പാസ് നല്‍കുന്നില്ല കര്‍ഷകരും വ്യാപാരികളും ദുരിതത്തില്‍

0

കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മരം മുറിക്കുന്നതിന് പാസ് നല്‍കാത്തതിനാല്‍ കര്‍ഷകരും വ്യാപാരികളും ദുരിതത്തില്‍.കഴിഞ്ഞ ഒന്നര വര്‍ഷമായി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വില്‍പ്പനക്കായി മുറിച്ച മരങ്ങള്‍ കയറ്റി അയക്കാന്‍ കഴിയാതെ വന്നതോടെ മരവ്യാപാരികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.പുല്‍പ്പള്ളി മേഖലയില്‍ നിയമാനുസൃതമായി മുറിച്ച ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ പാതയോരങ്ങളിലും മറ്റും കയറ്റി കൊണ്ടുപോകാനാവാതെ നശിക്കുകയാണ്.പാടിച്ചിറ, പുല്‍പ്പള്ളി വില്ലേജുകള്‍ക്ക് കീഴില്‍ നേരത്തെ എല്ലാവിധ നിയമങ്ങളും പാലിച്ച് മുറിച്ചിട്ട മരങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. മുള്ളന്‍കൊല്ലി മുതല്‍ പുല്‍പ്പള്ളി വരെയുള്ള പാതയോരങ്ങള്‍ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് കാഴ്ചയാണ്. തേക്ക്, വീട്ടി അടക്കമുള്ള മരങ്ങള്‍ മുറിക്കുന്നതിനോ, കൊണ്ടുപോകുന്നതിനോ നിലവില്‍ രണ്ട് വില്ലേജുകളിലും പാസ് നല്‍കാത്ത സാഹചര്യമാണുള്ളത്.പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനും അനുമതി നല്‍കാത്തത് മുലം കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകരും വ്യാപാരികളും. മുട്ടില്‍മരംമുറിയുമായി ബന്ധപ്പെട്ട വിവാദമാണ് നിലവില്‍ പാസ് അനുവദിക്കാത്തതിന്റെ കാരണമെന്നാണ് മരവ്യാപാരികള്‍ പറയുന്നത്. പുല്‍പ്പള്ളി, പാടിച്ചിറ വില്ലേജുകളില്‍ മരം മുറിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള പാസ് നിലവില്‍ അനുവദിക്കുന്നില്ല. മരം മുറിക്കാന്‍ സാധിക്കാത്തതിനാല്‍ കര്‍ഷകരടക്കമുള്ളവര്‍ മുറിച്ചിട്ട മരങ്ങള്‍ കയറ്റിപ്പോകാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ വ്യാപാരികളും, മരം മുറിക്കാനുള്ള പാസ് ലഭിക്കാത്തതിനാല്‍ കര്‍ഷകരും ഒരു പോലെ പ്രതിസന്ധിയിലാണ്.കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് തന്നെ നിരവധി വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ വാങ്ങി മുറിച്ചിട്ടിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ തേക്ക്, വീട്ടി അല്ലാത്ത മരങ്ങള്‍ പോലും കയറ്റിക്കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സ്വന്തം ആവശ്യത്തിന് മരം മുറിക്കാന്‍ പോലും നിലവില്‍ അനുമതി നല്‍കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. മരം മുറിക്കുന്നതിനായി വില്ലേജും, വനംവകുപ്പും ഒരുപോലെ അനുമതി നല്‍കാത്തത് ദുരിതം ഇരട്ടിയാക്കുകയാണ്.വിദ്യാഭ്യാസം, വിവാഹം, വിവിധ വായ്പകള്‍ അടക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് മരം മുറിച്ച് വില്‍ക്കാമെന്ന് പ്രതീക്ഷിച്ച കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. നൂറ് കണക്കിന് തൊഴിലാളികളാണ് മരംമുറിയുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി മേഖലയില്‍ ഉപജീവനം നടത്തുന്നത്. നാനൂറോളം പേര്‍ നേരിട്ട് മരംമുറിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരുന്നുണ്ടെന്നാണ് കണക്ക്. ഇതോടൊപ്പം തന്നെ മരമുറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍, കയറ്റിക്കൊണ്ടുപോകുന്ന വാഹന ഉടമകള്‍ എന്നിവരെല്ലാം ഒരുപോലെ സാമ്പത്തികപ്രയാസത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!