സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി, ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കും.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സര്‍വ്വീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തും. വലിയ ആരാധാനലയങ്ങളില്‍ പ്രര്‍ത്ഥനാ ചടങ്ങുകളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.
നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പതിവ് പോലെ തുടരും. ബുധനാഴ്ച്ച മുതല്‍ മാളുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. കടകളിലെപ്പോലെ വാക്‌സിനേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റ് മാളുകളിലും നിര്‍ബന്ധമാക്കും. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. നിബന്ധനകള്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമെന്നാണ് പൊതു നിര്‍ദേശം.
അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇന്നത്തെ കര്‍ക്കിടക വാവ് ചടങ്ങുകള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലോ ബലിതര്‍പ്പണകേന്ദ്രങ്ങളിലോ നടത്തില്ല. വീടുകളില്‍ തന്നെ ബലി അര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ശിവഗിരി മഠത്തിന്റെ യൂട്യൂബ് ചാനല്‍ അടക്കം പല ക്ഷേത്രങ്ങളും ഓണ്‍ലൈന്‍ ആയി ബലിതര്‍പ്പണം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനിടെ 20 ലക്ഷം ഡോസ് വാക്‌സിന്‍ സര്‍ക്കാര്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.