പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവുബലി.
കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ കര്‍ക്കിടക വാവുബലി. കഴിഞ്ഞ വര്‍ഷത്തെ നിയന്ത്രണങ്ങളില്‍ നിന്ന് ഇക്കുറിയും മാറ്റമില്ല. ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലിതര്‍പ്പണം ഇല്ല. ബലിതര്‍പ്പണത്തിനായി കടവില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.വീടുകളില്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.ബലിയിടാന്‍ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ടാകും.നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നും ഈ കര്‍ക്കിടകത്തിലും വാവുബലിയില്ല.തിരുനെല്ലിയിലും പൊന്‍കുഴിയിലും കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ചടങ്ങുകളില്ല.
നാക്കിലയില്‍ ദര്‍ഭ പുല്ല് വിരിച്ച് പിതൃക്കളെ ആവാഹിച്ച് ഉപചാരപൂര്‍വ്വം പിണ്ഡം സമര്‍പ്പിക്കുന്നതാണ് ബലി തര്‍പ്പണം. ജലാശയത്തില്‍ മത്സ്യങ്ങള്‍ക്കോ, മറ്റിടങ്ങളില്‍ ബലി കാക്കകള്‍ക്കോ തര്‍പ്പണം ചെയ്ത ഹവിസ്സ് ഭക്ഷണമായി നല്‍കണം, ബലിയിട്ട് കൈകൊട്ടി വിളിച്ചാല്‍ ബലിച്ചോറുണ്ണാന്‍ ബലി കാക്കകള്‍ കാത്തിരിക്കും. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയിലെ ബലിതര്‍പ്പണം മോക്ഷദായകമെന്നാണ് വിശ്വാസം. പൂര്‍വ്വികര്‍ക്കും പൈതൃകത്തിനും ചരിത്രത്തിന്റെ ഈടുവെപ്പുകള്‍ക്കും ആണ്ടിലൊരിക്കല്‍ ഓര്‍മ്മകള്‍ കൊണ്ട് ബലിയിടുന്നതിന്റെ പുണ്യമാണ് കര്‍ക്കിടക വാവിന്റെ സൗന്ദര്യം.