ബീനാച്ചി പനമരം റോഡിന്റെ ശോചനീയ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കുഴിയടക്കല്‍ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് എം എല്‍എ ഐ സി ബാലകൃഷ്ണന്‍.ഇക്കഴിഞ്ഞ് അഞ്ചിനാണ് നിയമസഭയില്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി കുഴിയടക്കല്‍ ആരംഭിച്ചു വെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറഞ്ഞത്. എന്നാല്‍ ഇതുവരെയായിട്ടും പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടില്ലന്നും മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് എംഎല്‍എ ആരോപിക്കുന്നത്.
രണ്ട് വര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതതും ശോചനീയാവസ്ഥയിലുമായ ബീനാച്ചി പനമരം റോഡിലെ കുഴിയടക്കല്‍ നടപടികള്‍ ആരംഭിച്ചുവെന്ന് കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചിരുന്നു. എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ നിയമസഭയില്‍ റോഡുമായി ബന്ധപ്പെട്ട് ഉന്നയിച്ച സബ്മിഷന് മറുപടിപറയുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ റോഡ് കുഴിയടക്കല്‍ തുടങ്ങാതെ മന്ത്രിയെ ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ആരോപിക്കുന്നത്. 22 കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ 12 കിലോമീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിയുടെ പേരില്‍ പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള സഞ്ചാരം ഏറ്റവും ദുര്‍ഘടമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ജനതയും ഇതുവഴി സഞ്ചരിക്കുന്നവരും ദൂരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലും മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും എംഎല്‍എ പറഞ്ഞു.