ചെറുകാട്ടൂരിലെ മോഷണ ശ്രമം; പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍
പനമരം ചെറുകാട്ടൂരില്‍ പട്ടാപ്പകല്‍ വീട് കുത്തി തുറക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തു.കൊട്ടാരക്കര ഏഴുകോണ്‍ അഭിവിഹാറില്‍ അഭിരാജ് (29) ആണ് പിടിയിലായത്.ചെറുകാട്ടൂരിലെ ആനക്കുഴി മുതിരക്കാല ഫ്രാന്‍സിസിന്റെ വീട്ടില്‍ ജൂലൈ 6-ാം തിയതി പകല്‍ സമയത്ത് വാതില്‍ കുത്തി തുറക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണിയാള്‍.പെരിന്തല്‍മണ്ണയിലെ ആലിപ്പറമ്പില്‍ അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് 19 പവന്‍ സ്വര്‍ണാഭരണങ്ങളും 18000 രൂപയും സംഘം ചേര്‍ന്ന് കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്.
സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ ജനലിലൂടെ അകത്തേക്ക് നോക്കുകയും തുടര്‍ന്ന് പുറത്തേക്ക് പോയ പ്രതികള്‍ സ്‌കൂട്ടറിനടുത്തേക്ക് പോയി കമ്പിപ്പാരയുമായി വരുകയും, വാതില്‍ കുത്തിതുറക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് ഫ്രാന്‍സിസിന്റെ മകള്‍ പോലീസിനോട് പറഞ്ഞിരുന്നു. സമീപത്തെയും ചെറുകാട്ടൂരിലെയും സി.സി ടി.വി പരിശോധിച്ച പോലീസിന് സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേരുടെ ദൃശ്യം ലഭിച്ചിരുന്നു. പ്രതിയായ അഭിരാജിനെ കുറിച്ച് പനമരം പോലീസിന് സൂചന ലഭിക്കുകയും ചെയ്തിരുന്നു. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷം അഭിരാജിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പനമരം പോലീസ് അധികൃതര്‍ അറിയിച്ചു.അന്തര്‍സംസ്ഥാന മോഷണ കേസിലും വിവിധ ജില്ലകളിലെ മോഷണ കേസിലും പ്രതിയായ ഇയാള്‍ ജൂലൈ 7 നാണ് ആലിപ്പറമ്പില്‍ കവര്‍ച്ച നടത്തിയത്.