കൊവിഡ് പ്രതിസന്ധിക്കിടെ നിയന്ത്രണങ്ങളുടെ പേരില്‍ പൊലിസ് അനാവശ്യമായി പിഴയീടാക്കിയെന്ന ആരോപണവുമായി വ്യാപാരി രംഗത്ത്. ബത്തേരി പഴേരി കട്ടക്കണ്ടി അഷ്റഫാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് തവണയായി പതിനായിരം രൂപ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് ഈടാക്കിയെന്നാണ് അഷ്റഫ് പറയുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടെ വ്യാപാരികളടക്കം ബുദ്ധിമുട്ടുന്ന സമയത്താണ് പൊലിസ് അനാവശ്യമായി പിഴഈടാക്കിയാതായി പഴേരിയില്‍ പലചരക്ക് കച്ചവടം നടത്തുന്ന അഷ്റഫ് ആരോപിക്കുന്നത്. 2020 നവംബര്‍ 16നും, ഇക്കഴിഞ്ഞ് മെയ്17നും, ജൂണ്‍ 15നുമാണ്, കൊവിഡ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് പൊലിസ് പിഴയിട്ടത്. നവംബറില്‍ ഒമ്പതിനായിരം രൂപയും,പിന്നീട് രണ്ട് തവണ അഞ്ഞൂറുവീതവുമായി പിഴ ഈടാക്കിയതായി ഇദ്ദേഹം പറഞ്ഞു. നംവബറില്‍ അവശ്യവസ്തു വില്‍പ്പന കട രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറക്കാമെന്ന് കൊവിഡ് കണ്‍ട്രോള്‍ സെല്ലിന്റെ അറിയിപ്പ് പ്രകാരം തുറന്നുവെന്നും എന്നാല്‍ അഞ്ചേമുക്കാലോടെ സ്ഥലത്തെത്തിയ പൊലിസ് പിഴ ഈടാക്കിയെന്നുമാണ് അഷ്റഫ് പറയുന്നത്. മഹാമാരിക്കാലത്ത് പൊതുജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇത്തരത്തിലുള്ള നടപടികള്‍ എടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയിണമെന്നാണ് അഷ്റഫ് പറയുന്നത്.