ഹരിതവത്ക്കരണ പരിപാടികളില്‍ മാതൃകയായി പുല്‍പ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് സിറ്റിക്ലബ്ബ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പതിനായിരക്കണക്കിന് വൃക്ഷത്തൈകളാണ് ഇതിനകം ക്ലബ്ബ് വീടുകളില്‍ നേരിട്ടെത്തി കൈമാറിയത്.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാത്രമല്ല, മറിച്ച് വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍, വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍, കര്‍ഷക പുരസ്‌ക്കാരങ്ങളും, കായികമേഖലയില്‍ അംഗീകാരങ്ങളും നേടിയവര്‍ എന്നിവര്‍ക്കെല്ലാം സിറ്റിക്ലബ്ബ് ഉപഹാരമായി നല്‍കാറുള്ളത് വൃക്ഷത്തൈകളാണ്.
സിറ്റിക്ലബ്ബ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി അതോടൊപ്പം തന്നെ ഹരിതവത്ക്കരണ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സുല്‍ത്താന്‍ബത്തേരി എം എല്‍ എയായ ഐ സി ബാലകൃഷ്ണനാണ് വയനാട് സിറ്റിക്ലബ്ബിന്റെ രക്ഷാധികാരി. ജില്ലാപഞ്ചായത്ത് മെമ്പര്‍ ബിന്ദുപ്രകാശ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ തുടങ്ങിയ ജനപ്രതിനിധികളും ക്ലബ്ബിലെ അംഗങ്ങളാണ്. ഓരോ കാലാവസ്ഥക്കും അനുസൃതമായി കൃഷിയിടത്തില്‍ നടേണ്ട ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയെല്ലാം എത്തിച്ച് നല്‍കാന്‍ വയനാട് സിറ്റിക്ലബ്ബിന് സാധിച്ചിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് അംഗവും, ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകയുമായ ബിന്ദുപ്രകാശ് പറയുന്നു. ക്ലബ്ബിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനം, വിവാഹവാര്‍ഷികം, മറ്റ് ആഘോഷച്ചടങ്ങുകള്‍ എന്നിവക്കെല്ലാം വൃക്ഷത്തൈകളാണ് ഉപഹാരമായി നല്‍കുന്നത്. അതോടൊപ്പം തന്നെ വിദ്യാലയങ്ങള്‍ക്കും, ക്ലബ്ബുകള്‍ക്കും വൃക്ഷത്തൈ നല്‍കിവരുന്നുണ്ട്. ജില്ലയിലെ വിവിധ നഴ്‌സറികളില്‍ നിന്നാണ് ഗുണമേന്മയുള്ള വൃക്ഷത്തൈകള്‍ ഹരിതവത്ക്കരണ പരിപാടികള്‍ക്കായി ക്ലബ്ബ് എത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ക്ലബ്ബ് ഭാരവാഹികളെ അനുമോദിച്ചിരുന്നു. തോമസ് ഐസക് മുള്ളന്‍കൊല്ലിയില്‍ വൃക്ഷതൈ നടീല്‍ ഉദ്ഘാടനവും ചെയ്തിരുന്നു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഒട്ടേറെ അംഗീകാരങ്ങളും ഇക്കാലത്തിനിടയില്‍ ക്ലബ്ബിനെ നേടിയെത്തിയിട്ടുണ്ട്. നൂറോളം അംഗങ്ങളുള്ള ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവോ മറ്റ് സംഭാവനകള്‍ സ്വീകരിക്കലോ ഇല്ല. പകരം കൂട്ടായ്മയിലെ അംഗങ്ങള്‍ ചെറിയ തുകകള്‍ സ്വന്തം നിലയില്‍ ഇട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അംഗങ്ങളുടെ സുഹൃത്തുക്കളും മറ്റും വൃക്ഷത്തൈകള്‍ വാങ്ങി നല്‍കാറുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരായ ബെന്നി നിരപ്പുതൊട്ടിയില്‍ പ്രസിഡന്റും, സി ഡി ബാബു സെക്രട്ടറിയുമായ ക്ലബ്ബ് ഇതിനകം തന്നെ പ്രശംസനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിട്ടുള്ളത്. ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം എന്നിങ്ങനെയുള്ള സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്ന രീതിയില്‍ സഹായം ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്ന കാര്യത്തിലും ക്ലബ്ബ് മുന്‍പന്തിയില്‍ തന്നെയുണ്ട്.