മാനന്തവാടി നഗരം ഇനി സി.സി.ടി.വി നിരീക്ഷണത്തില്‍.
പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ക്യാമറയുടെ പ്രവര്‍ത്തനം സജ്ജമാവുന്നതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറക്കാന്‍ കഴിയും. പോലീസാണ് നഗരസഭയുടെയും ടെലികമ്മ്യൂണിക്കേഷന്റെയും സഹകരണത്തോടെ നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളിലായി പതിനേഴ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ രണ്ട് ക്യാമറകള്‍ 360 ഡിഗ്രി ചുറ്റളവില്‍ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ കണ്‍ട്രോള്‍ മുറിയിലിരുന്ന് കഴിയുന്ന വിധത്തിലുള്ളതാണ്. ഈ ക്യാമറകളിലെ കാഴ്ചകള്‍ സൂം ഇന്‍ ചെയ്തു കൊണ്ട് കാണാനും കഴിയും. ട്രാന്‍സ്മീറ്ററുകള്‍ സ്ഥാപിച്ച് കൊണ്ട് പൂര്‍ണ്ണമായും വൈഫ് – ഐ സൗകര്യം പ്രയോജനപ്പെടുത്തി വയര്‍ലെസ്സായിട്ടാണ് പോലീസ് കണ്‍ട്രോള്‍ മുറിയിലേക്ക് നഗരക്കാഴ്ചകള്‍ എത്തിക്കുന്നത്. 15 ദിവസത്തിലധികം വീഡിയോകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്.റോഡ് സേഫ്ടി ഫണ്ടില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപയാണ് ക്യാമറ സ്ഥാപിക്കുന്നതിനായി ചിലവഴിക്കുന്നത്.തുടര്‍ന്നുള്ള വൈദ്യുതി മറ്റ് ചിലവുകളും നഗരസഭ വഹിക്കും.നഗരത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളിലാണ് നിലവില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തില്‍കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനായി സ്വകാര്യ സംരംഭകരുടെ സഹായം തേടും. ക്യാമറ സ്ഥാപിക്കുന്നതിന്റെ 90 ശതമാനം പ്രവ്ൃത്തികളും പൂര്‍ത്തിയായി. ഒരാഴ്ചക്കുള്ളില്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള വിംഗാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂര്‍ പോലീസിനെ ചുമതലപ്പെടുത്തുമെന്നാണ് കരുതുന്നത്.പ്രദേശത്തെ മോഷണമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളെ പിടികൂടുന്നതിന് പോലീസ് ക്യാമറാ നിരീക്ഷണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.സാമൂഹ്യ വിരുദ്ധപ്രവൃത്തികള്‍, പൊതുവിടങ്ങളിലെ മദ്യപാനം, മാവോവാദികളുടെ സാന്നിദ്ധ്യം,വാഹനങ്ങളുടെ നിയമലംഘനങ്ങള്‍,രാത്രിയിലെ അസാന്മാര്‍ഗ്ഗിക പ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം പോലീസ് സ്റ്റേഷനിലിരുന്നു കൊണ്ട് നിരീക്ഷിക്കാന്‍ കഴിയുന്നതോടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കഴിയുമെന്നും പോലീസ് കരുതുന്നു.