എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബ് രൂപീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാകാന്‍ വയനാട് ഒരുങ്ങുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഡിസാസ്റ്റര്‍ മാനേജമെന്റ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളായിരിക്കും ക്ലബ്ബിലെ അംഗങ്ങള്‍. കുട്ടികളില്‍ ദുരന്തനിവാരണം, ദുരന്ത പ്രതികരണം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ദുരന്ത സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം, ദുരന്തനിവാരണം എന്നിവയില്‍ വരുംകാലത്ത് സമൂഹത്തിന് കരുതലാകുന്ന വിധത്തില്‍ സന്നദ്ധ സേവകരെ വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് ഡി.എം ക്ലബ്ബുകളുടെ ലക്ഷ്യം.
ആഗസ്റ്റ് മാസം രണ്ടാം വാരത്തോടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് വിദ്യാലയങ്ങളിലും ക്ലബ്ബിന്റെ പ്രവര്‍ത്തനം തുടങ്ങും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലബ്ബില്‍ ചേരാം. ഒരു വിദ്യാലയത്തില്‍ നിന്നും 40 വിദ്യാര്‍ത്ഥികളെയാണ് ക്ലബ്ബിലേക്ക് പരിഗണിക്കുക. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഒരു വിദ്യാലയത്തിലെ രണ്ട് അധ്യാപകര്‍ക്കായിരിക്കും ക്ലബ്ബിന്റെ ചുമതല നല്‍കുക. ഫീല്‍ഡ് വിസിറ്റിനൊപ്പം ഓരോ മാസവും വിവിധ പ്രോഗ്രാമുകള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തും. വര്‍ഷാവസാനം അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഡിസാസ്്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, ജില്ലാ അടിയന്തര കാര്യനിര്‍വഹണ വിഭാഗം, വിദ്യാഭ്യസ ഉപഡയറക്ടര്‍, സ്‌കൂള്‍ പ്രധാനധ്യാപകര്‍, തുടങ്ങിയവര്‍ ക്ലബ്ബിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളിലുളള അവബോധം സ്‌കൂള്‍ കാലഘട്ടങ്ങളില്‍ തന്നെ തുടങ്ങുന്നത് ഗുണകരമാകും. വിപുലമായ വിദ്യാര്‍ഥി സേന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകും.
ജില്ലാ ആസൂത്രണ ഭവന്‍ എ.പി. ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, വി. അബൂബക്കര്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, വിദ്യാഭ്യാസ ഓഫീസര്‍ കെ. സുനില്‍ കുമാര്‍, ഡി.എം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ജോയ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ അടിയന്തര കാര്യനിര്‍വഹണ വിഭാഗം ചാര്‍ജ് ഓഫീസര്‍ ഷാജി പി മാത്യു, ഡി.എം കണ്‍സള്‍ട്ടന്റ് ഡോ.കരുണാകരന്‍ അഖില്‍ ദേവ് എന്നിവര്‍ ഡി.എം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.