റിട്ട. എസ്.ഐ. പി.വി. വിജയന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ എസ്.ഐ. ആയിരിക്കെഅദേഹത്തിന്റെ മികച്ച സേവനം പരിഗണിച്ചാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലാണ് സേനയില്‍ നിന്ന് പി.വി. വിജയന്‍ വിരമിച്ചത്.1988ല്‍ മലപ്പുറം എ.ആര്‍. ക്യാമ്പില്‍ സര്‍വീസില്‍ പ്രവേശിച്ചു. പിന്നീട് 1991ല്‍ വയനാട്ടിലേക്ക് സ്ഥലം മാറിയെത്തി.
എസ്.എസ്.ബിയില്‍ എസ്.ഐ. ആയിരുന്ന 2020 കാലഘട്ടത്തില്‍ പി.വി. വിജയന്‍ ഇന്റലിജന്റ്സിനെ പ്രതിനിധീകരിച്ചു വിവിധ മേഖലകളെ സംബന്ധിച്ചു സര്‍ക്കാരിലേക്ക് നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഗുണകരമാണെന്ന വിലയിരുത്തലിലാണ് ബാഡ്ജ് ഓഫ് ഓണറിനു തെരഞ്ഞെടുത്തത്. വയനാട്ടില്‍ ജനമൈത്രി പോലീസിന് ജനകീയ മുഖം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദേഹം. മീനങ്ങാടി, കേണിച്ചിറ, പുല്‍പ്പള്ളി, ബത്തേരി, കല്‍പ്പറ്റ, കമ്പളക്കാട് പോലീസ് സ്റ്റേഷനുകളിലും വിജിലന്‍സിലും ജോലി ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം കേരള പോലീസ് അസോസിയേഷന്റെ (കെ.പി.ഒ.) സംസ്ഥാന സമിതിയില്‍ അംഗമായിരുന്നു. കല്‍പ്പറ്റ കൈനാട്ടി ഗാന്ധിനഗറിലെ സ്നേഹതീരം വീട്ടിലാണ് താമസം. കരിങ്കുറ്റി എസ്.എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക എം.പി. ഇന്ദുവാണ് ഭാര്യ. മക്കള്‍: പി.വി. സൂരജ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു), സ്നേഹഗംഗ ( അവസാന വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്).