നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലീസ് ആവശ്യത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ വാടക നല്‍കാത്തതില്‍ ടാക്‌സി വാഹന ഉടമകളും തൊഴിലാളികളും പ്രതിഷേധസമരത്തിലേക്ക്.ഏകദേശം 48 ലക്ഷത്തോളം രൂപയാണ് വാഹന വാടകയായി ലഭിക്കാനുള്ളത്.വാടക അടിയന്തരമായ ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലക്ടറേറ്റിനു മുന്നില്‍ ടാക്‌സി ഉടമകളും തൊഴിലാളികളും പ്രതിഷേധ ധര്‍ണ നടത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് എആര്‍ ക്യാമ്പിലെ പോലീസ് ആവശ്യത്തിനായി ഉപയോഗിച്ച വാഹനങ്ങളുടെ വാടകയാണ് ഇതുവരെയും വിതരണം ചെയ്യാത്തത്. ജില്ലയില്‍ ടാക്‌സികളായി ഓടിക്കൊണ്ടിരുന്ന കാര്‍, ജീപ്പ്, ട്രാവലര്‍ എന്നിങ്ങനെ 200 ഓളം വാഹനങ്ങള്‍ക്കായി 48 ലക്ഷത്തോളം രൂപയാണ് വാടകയായി ലഭിക്കാനുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു മാസമായിട്ടും ഇവര്‍ക്ക് ലഭിക്കാനുള്ള വാടക ലഭിച്ചിട്ടില്ല. ലോക്ഡൗണ്‍ സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയിലാണ് ടാക്‌സി ഉടമകളും തൊഴിലാളികളും.വാടകതുക ലഭിച്ചാല്‍ വലിയ സഹായമാകുമെന്നാണ് ഇവര്‍ പറയുന്നത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഴികെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്‍ുകളും വാടക നല്‍കി കഴിഞ്ഞുവെന്നും ഇവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.വാടക തുക അടിയന്തരമായി ലഭ്യമാക്കണമെന്നും, ഇല്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും മോട്ടോര്‍ എന്‍ജിനീയറിങ് ലേബര്‍ സെന്റര്‍ എച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ. ബി രാജുകൃഷ്ണ പറഞ്ഞു.