പെട്രോള്‍ വില വര്‍ധനവിനനുസരിച്ച് റിസോള്‍ ചെയ്യുന്നതിനുള്ള റബ്ബര്‍, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിക്കുന്നതിനാല്‍ ടയര്‍ ജോലി ചെയ്യുന്നതിനുള്ള ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ടയര്‍ വര്‍ക്ക് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2016ലാണ് അവസാനമായി ടയര്‍ മേഖലയില്‍ ചാര്‍ജ് വര്‍ധനവ് ഉണ്ടാകുന്നത്. കാര്‍ ടയര്‍ പഞ്ചറിന് 100 രൂപയില്‍ നിന്ന് 150 ആയും ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങള്‍ക്ക് 200ല്‍ നിന്ന് 250 ആയും ചാര്‍ജ് വര്‍ധിപ്പിച്ചു. ഓട്ടോ-ടാക്സികള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിക്കില്ല. ജില്ലയില്‍ ജൂലൈ ഒന്ന് മുതല്‍ ചാര്‍ജ് വര്‍ധനവ് പ്രാപല്യത്തില്‍ വരുത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുരാജ് കോട്ടത്തറ, സെക്രട്ടറി രമേഷ് കൃഷ്ണന്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.