വരുന്ന സാമ്പത്തിക വര്‍ഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയരികിലെ പുല്ലു ചെത്തുന്നതിനും പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനും മാത്രമാകില്ല. നിര്‍മാണജോലികള്‍ക്കു മുന്‍ഗണന നല്‍കും. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വര്‍ക്ഷെഡുകള്‍, ഗ്രാമീണ ചന്തകള്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കുളങ്ങള്‍, മാലിന്യസംസ്‌കരണത്തിനുള്ള കംപോസ്റ്റ് കുഴികള്‍, ദ്രവമാലിന്യ പരിപാലനത്തിനുള്ള സോക്പിറ്റുകള്‍, അജൈവ മാലിന്യ സംസ്‌കരണത്തിനുള്ള മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ നിര്‍മാണത്തിനാകും ഊന്നല്‍.
പദ്ധതിയുടെ ലേബര്‍ ബജറ്റ് മന്ത്രി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. പദ്ധതി നിര്‍വഹണം സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാസ്റ്റര്‍ സര്‍ക്കുലറിലെ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം. നിര്‍മാണജോലിക്കു തൊഴിലുറപ്പ് തൊഴിലാളികളെ വിദഗ്ധ, അര്‍ധ വിദഗ്ധ തൊഴിലാളികളായി ഉപയോഗപ്പെടുത്തും. 25 ദിവസമെങ്കിലും ജോലി ചെയ്ത 50 വയസ്സുള്ള തൊഴിലാളികള്‍ക്കു കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ പരിശീലനം നല്‍കി വരികയാണ്.
പ്രളയത്തെ തുടര്‍ന്നുള്ള പുനഃസ്ഥാപന പ്രവൃത്തികള്‍, വ്യക്തിഗത ആസ്തികളുടെ നിര്‍മാണം, കാര്‍ഷിക ഉല്‍പാദനം, നീര്‍ത്തടാധിഷ്ഠിത ഭൂവികസന ജലസംരക്ഷണ പ്രവൃത്തികള്‍ എന്നിവയും ബജറ്റില്‍ ലക്ഷ്യമിടുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലവിഭവം, വനം വകുപ്പുകളിലെ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതി ഏറ്റെടുക്കുന്നുണ്ട്. ഈ രീതിയില്‍ മറ്റു വകുപ്പുകളുടെ പദ്ധതികള്‍ ഏറ്റെടുക്കാനും നിര്‍ദേശവും നല്‍കി. ബജറ്റ് അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും