കോവിഡ് വാക്സീനുകള്‍ വന്ധ്യതയ്ക്ക് കാരണമാകില്ലെന്ന് പഠനം
കോവിഡ് വാക്സീനുകളെ സംബന്ധിച്ച കുപ്രചരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അവ പുരുഷന്മാരില്‍ ബീജകോശങ്ങളുടെ എണ്ണത്തെ കുറച്ച് വന്ധ്യതയ്ക്ക് കാരണമാകും എന്നത്. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വാക്സീനുകള്‍ പ്രത്യുത്പാദനശേഷിയെ ഒരുവിധത്തിലും ബാധിക്കില്ലെന്നും തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ മയാമി സര്‍വകലാശാല നടത്തിയ പഠനം.
ഫൈസര്‍ ബയോഎന്‍ടെക്കിന്റെയും മൊഡേണയുടെയും വാക്സീനുകള്‍ കുത്തിവച്ച പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണത്തിലോ ഗുണത്തിലോ യാതൊരു കുറവും വന്നിട്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. 18നും 50നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പുരുഷ വോളന്റിയര്‍മാരിലാണ് പഠനം നടത്തിയത്.
വോളന്റിയര്‍മാര്‍ക്ക് യാതൊരു വിധ പ്രത്യുത്പാദന പ്രശ്നങ്ങളുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അവരില്‍ വാക്സീന്‍ കുത്തിവച്ചത്. വാക്സീന്‍ ആദ്യ ഡോസ് കുത്തി വയ്ക്കുന്നതിന് രണ്ട് മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പും വാക്സീന്‍ രണ്ടാമത്തെ ഡോസ് കുത്തിവച്ച് കഴിഞ്ഞ് 70 ദിവസങ്ങള്‍ക്ക് ശേഷവും ഇവരില്‍ നിന്ന് ശുക്ല സാംപിളുകള്‍ ഗവേഷകര്‍ ശേഖരിച്ചു.
ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ സാംപിളുകളുടെ മൂല്യനിര്‍ണയം നടത്തി. ബീജകോശങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കുന്ന നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വാക്സീന്‍ എടുക്കുന്നതിന് മുന്‍പും ശേഷവമുള്ള സാംപിളുകള്‍ പരിശോധിക്കപ്പെട്ടു. ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ എത്ര ബീജകോശങ്ങള്‍ ഉണ്ടെന്നതിന്റെ അളവായ സ്പേം കോണ്‍സണ്‍ട്രേഷന്‍ വാക്സീന്‍ എടുക്കും മുന്‍പ് ഒരു മില്ലിലീറ്ററില്‍ 26 ദശലക്ഷമായിരുന്നത് വാക്സീന്‍ എടുത്ത ശേഷം 30 ദശലക്ഷമായി ഉയര്‍ന്നു. ചലിക്കുന്ന ബീജകോശങ്ങളുടെ അളവായ ടോട്ടല്‍ മോട്ടൈല്‍ സ്പേം കൗണ്ട് 36 ദശലക്ഷത്തില്‍ നിന്ന് 44 ദശലക്ഷമായി വര്‍ധിച്ചിരിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. ശുക്ലത്തിന്റെ അളവിലും വര്‍ധന രേഖപ്പെടുത്തി.
വാക്സിനേഷന്‍ കൊണ്ട് ബീജകോശങ്ങളുടെ ഉത്പാദനത്തില്‍ എന്തെങ്കിലും കുറവുണ്ടാകുമെന്ന ആശങ്കകളുടെ മുനയൊടിക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകള്‍. എന്നാല്‍ തീരെ ചെറിയ ശതമാനം വോളന്റിയര്‍മാരില്‍ നടത്തിയെന്നത് പഠനത്തിലെ പോരായ്മയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.