ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും

0

മാനന്തവാടി നിയോജകമണ്ഡലത്തിലെ ജല ജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തും. ഒ.ആര്‍.കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

തൊണ്ടര്‍നാട്, പനമരം, വെള്ളമുണ്ട, തവിഞ്ഞാല്‍ സമഗ്ര കുടിവെളള പദ്ധതിയ്ക്ക് 258.34 കോടി രൂപയുടെ അനുമതി തേടി. നാല് പഞ്ചായത്തുകളിലായി 25862 കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുളള പദ്ധതിയാണിത്. ഇതിനായി ബാണാസുര ഡാമില്‍ പുതിയ കിണര്‍ പമ്പ് ഹൗസ് സ്ഥാപിച്ച് 25 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണശാല നിര്‍മിക്കും. ഗ്രാമ പഞ്ചായത്തുകളില്‍ ജലസംഭരണികള്‍ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം നടത്തുക. കോഴിക്കോട് പ്രോജക്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എബി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജല ജീവന്‍ മിഷന്റെ രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ പരിശോധിച്ചു. കെ.ഡബ്യൂ.എ ബത്തേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പദ്ധതികള്‍ വിശദീകരിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ഗാര്‍ഹിക കുടിവെള്ള കണക്ഷനില്ലാത്ത 5815 വീടുകള്‍ക്ക് പുതിയ കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് 38 കോടി രൂപയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ 2.5 ദശലക്ഷം ലിറ്റര്‍ ശേഷിയുളള പുതിയ ജലശുദ്ധീകരണശാല ഉള്‍പ്പെടെ 5 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജലശുദ്ധീകരണശാലയില്‍ നിന്നും പനവേലി, ആനപ്പാറ, നരിക്കല്‍, കാളിന്ദി മിച്ചഭൂമി കോളനി ഉള്‍പ്പെടെയുള്ള ജലസംഭരണികളിലെത്തിച്ച് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും പൈപ്പ്ലൈന്‍ സ്ഥാപിച്ചു സമ്പൂര്‍ണ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.

എടവക ഗ്രാമ പഞ്ചായത്തില്‍ നബാര്‍ഡ് കിഫ്ബി സ്‌കീമില്‍ പൂര്‍ത്തീകരിച്ച മാനന്തവാടി, എടവക, നല്ലൂര്‍നാട്, വില്ലേജുകള്‍ക്കുള്ള പുതിയ ജലശുദ്ധീകരണ ശാലയില്‍ നിന്നും കുടിവെള്ള കണക്ഷനില്ലാത്ത 4100 വീടുകളില്‍ വെള്ളം എത്തിക്കുന്നതിന് 29 കോടി രൂപയുടെ പദ്ധതിയാണ് അനുമതിക്കായി സമര്‍പ്പിച്ചത്.

യോഗം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു .മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി .വി . ബാലകൃഷ്ണന്‍, എച്ച് .ബി പ്രദീപ്, പി.എം .ആസ്യ, എല്‍സി ജോയ്, അംബിക ഷാജി ,സുധി രാധാകൃഷ്ണന്‍, ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.തുളസീധരന്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!