ഐടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് രാജ്യത്ത് നിയമ പരിരക്ഷ ഇല്ലാതാകും. പ്രവര്‍ത്തനം തടയാതെ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഇന്റര്‍മീഡിയറി എന്ന നിലയില്‍ ലഭിക്കുന്ന നിയമ പരിരക്ഷ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ഇതോടെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകളും മറ്റാര്‍ക്കും ഒരുവിധത്തിലും അപകീര്‍ത്തികരമല്ല എന്നത് അടക്കം ഉറപ്പാക്കുക അതത് സമൂഹ മാധ്യമങ്ങളുടെ നിയമ പ്രകാരമുള്ള ബാധ്യതയായി മാറും.
പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളുടെ മറുപടി ലഭിച്ചതിന് ശേഷമാകും നടപടി. ഇന്റര്‍മീഡിയറി പരിരക്ഷ നഷ്ടമാകുന്നതോടെ ഉപഭോക്താക്കളുടെ എല്ലാ പ്രതികരണത്തിനും പോസ്റ്റുകള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉണ്ടാകും. മാനനഷ്ടക്കേസുകളിലടക്കം ഇന്റര്‍മിഡിയറി പദവി ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളെ പ്രതി ചേര്‍ക്കാന്‍ സാധിക്കാത്തത്.
പുതിയ നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ത്രിതല പരാതി പരിഹാര ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇതില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കേന്ദ്ര നിലപാട്.
എന്നാല്‍ ഒരു കമ്പനികളും ഇതുവരെയും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. കമ്പനി നേരിടുന്ന നിയമ നടപടികള്‍ക്ക് ഇന്ത്യയില്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്തം എന്നതാണ് വെല്ലുവിളി. ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കം നിയമം പാലിക്കാന്‍ തയാറാണെന്ന് ഗൂഗിളും ഫേസ്ബുക്കും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നു എന്ന നിലപാട് സ്വീകരിച്ച വാട്സ്ആപ്പ് കോടതിവിധിയെ ആശ്രയിച്ചാകും തുടര്‍നിലപാടുകള്‍ കൈകൊള്ളുക. കേന്ദ്ര സര്‍ക്കാറുമായി നേരത്തെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ട്വിറ്റര്‍ ഇതുവരെയും തീരുമാനം വ്യക്തമാക്കിയിട്ടില്ല.