അടച്ചിട്ട സ്‌കൂളുകളിലും ശുചീകരണം നടത്താന്‍ നിര്‍ദ്ദേശം

0

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശം. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസര ശുചീകരണം, വെള്ളം കെട്ടിക്കിടക്കുന്നത് തടയല്‍, കൊതുകുകളുടെ ഉറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്ന് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത ജില്ലാതല ഇന്റര്‍സെക്ടറല്‍ ഏകോപന യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

രൂക്ഷമായ കോവിഡ് രണ്ടാംതരംഗത്തിന്റെ കൂടി പശ്ചാത്തലത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ഇത്തവണ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. കോവിഡ്- ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകളുടെ പരിസരങ്ങളും വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഓടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പും ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്ന ഭക്ഷ്യസുരക്ഷാ വകുപ്പും നടപടി സ്വീകരിക്കണം. പട്ടികവര്‍ഗ കോളനികളില്‍ എല്ലാവര്‍ക്കും കക്കൂസുകള്‍ ഉറപ്പാക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അടിയന്തരമായി പദ്ധതി തയ്യാറാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കൊതുകു നിവാരണത്തിന്റെ ഭാഗമായി വീടുകളില്‍ എല്ലാ ഞായറാഴ്ചകളിലും സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും ഡ്രൈഡേ ആചരിക്കാന്‍ ആരോഗ്യ വകുപ്പ് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജലജന്യ രോഗങ്ങള്‍ വരാതെ നോക്കാന്‍ ജല അതോറിറ്റിയുടെ ഭാഗത്ത് ജാഗ്രത വേണം. കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലും അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നും ശുചിത്വവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. പഞ്ചായത്തുകള്‍, നഗരസഭകള്‍, ശുചിത്വ മിഷന്‍, ഭക്ഷ്യസുരക്ഷാ വിഭാഗം, ജല അതോറിറ്റി, തൊഴില്‍, സാമൂഹികനീതി, വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി, പൊതുമരാമത്ത്, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകള്‍ ഏകോപനത്തോടെ ചുമതലകള്‍ നിര്‍വ്വഹിക്കണം.

യോഗത്തില്‍ എ.ഡി.എം. ടി. ജനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ഡി.എസ്.ഒ ഡോ. സാവന്‍ മാത്യൂ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!