കര്‍ണാടകയില്‍ നിന്നും ജില്ലയിലേക്ക് കൊണ്ടുവന്ന പാല്‍ മുത്തങ്ങയില്‍ ക്ഷീര കര്‍ഷകരുടെ നേതൃത്വത്തില്‍ തടഞ്ഞു തിരിച്ചയച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കര്‍ണാടകയിലെ സ്വകാര്യ വ്യക്തികള്‍ ലീസിനെടുത്ത് നടത്തുന്ന കമ്പളക്കാട് പള്ളിക്കുന്നുള്ള സഹകരണ ക്ഷീരപ്ലാന്റിലേക്ക് കൊണ്ട് വന്ന 800 ലിറ്ററോളം പാലാണ് ക്ഷീര കര്‍ഷകര്‍ തടഞ്ഞ് തിരിച്ചയച്ചത്.
ഗുഡ്‌സ് വാഹനത്തില്‍ 200 ലിറ്റര്‍ കൊള്ളുന്ന ടാങ്കിലും, 42 ലിറ്റര്‍ കൊള്ളുന്ന 14 കാനുകളിലുമായാണ് പാല്‍ കൊണ്ടുവന്നത്. ജില്ലയില്‍ എത്തിക്കുന്ന പാല്‍ പ്ലാന്റില്‍ നിന്നും പാക്ക് ചെയ്ത് ക്ഷീര എന്ന പേരിലാണ് ഇവിടെ വിറ്റഴിക്കുന്നത്. ലോക് ഡൗണ്‍ കാരണം ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്നും പാല്‍ എത്തിച്ച് വില്‍പ്പന നടത്തുന്നത് അംഗീകരിക്കാനാവില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്.കെമിക്കല്‍ ചേര്‍ത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവിടെ എത്തിക്കുന്ന പാല്‍ പരിശോധിക്കാന്‍ നടപടിയില്ലാത്തതും പ്രതിഷേധം ശക്തമാക്കാനിടയാക്കിയിട്ടുണ്ട്