കാരക്കണ്ടി സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കണം വയനാട് പ്രകൃതി സംരക്ഷണ സമിതി

0

സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയില്‍ മൂന്നു വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സ്‌ഫോടനത്തിന് ഉത്തരവാദികളെ കണ്ടെത്തുന്നതിന് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വിഷയത്തില്‍ പൊലീസ് കാണിക്കുന്ന അലംഭാവവും അനാസ്ഥയും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ദുരൂഹമായ മൗനം അപലപനീയമാണെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി ആരോപിച്ചു.

പൊലീസ് ഇതുവരെ ഗൗരവമായി ഈ കേസ്സ് അന്വേഷിക്കുകയോ ആരെയെങ്കിലും ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലന്നും സമിതി ആരോപിച്ചു.വയനാട്ടില്‍ കരിങ്കല്‍ ക്വാറികള്‍ നടത്തുന്നവര്‍ക്കു മാത്രമെ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും അനുവാദം ഉള്ളൂ. പടക്കക്കച്ചവടക്കാര്‍ക്കും ക്വാറി ഉടമകള്‍ക്കും മാത്രമാണ് എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ളത്. പടക്കക്കച്ചവടക്കാര്‍ക്ക് പടക്ക സാമഗ്രികളല്ലാതെ സ്‌ഫോടകവസ്തുക്കള്‍ മൊത്തമായി ലഭിക്കുകയുമില്ല.വിധ്വംസക ശക്തികള്‍ സംഭരിച്ച് സൂക്ഷിച്ചവയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ പൊട്ടിത്തെറിച്ചതും കുട്ടികള്‍ മരിക്കാനിടയായ സ്‌ഫോടക വസ്തുക്കള്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തിങ്ങിനിറഞ്ഞ് വീടുകളുള്ള ജനവാസ കേന്ദ്രത്തിലെ സ്‌ഫോടനം നടന്ന വീടിനെക്കുറിച്ചും അവിടെ വരികയും പോവുകയും ചെയ്യുന്നവരേക്കുറിച്ചും അന്വേഷിക്കാനോ ലൈസന്‍സുള്ളവരെ ചോദ്യം ചെയ്യാനോ ശാസ്ത്രീയമായി കേസ്സന്വേഷിക്കാനോ തെളിവുകള്‍ ശേഖരിക്കാനോ പൊലീസ് തയ്യാറായിട്ടില്ലന്നും ഭാരവാഹികള്‍ ആരോപിച്ചു. മൂന്ന് കുടുംബങ്ങളുടെ നെടുംതൂണുകള്‍ ആകേണ്ടിയിരുന്ന വിലപ്പെട്ട കൊച്ചു ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണക്കാരായവരെ ഉടനെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പ്രാപ്തിയും വൈദഗ്ദ്യവുമുള്ളരെ ചേര്‍ത്ത് പ്രത്യേക പൊലീസ് അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് പ്രകൃതിസംരക്ഷണ സമിതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയതായും സമിതി പ്രസിഡണ്ട് എന്‍. ബാദുഷ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!