ചന്ദ്രേട്ടന്‍ ഇനി ഓര്‍മ്മ
വര്‍ഷങ്ങളായി തലപ്പുഴ ടൗണില്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായി കഴിഞ്ഞിരുന്ന ചന്ദ്രേട്ടന്‍( 75) മരിച്ചു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ബംഗലൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണമടഞ്ഞത്.ഏഴ് വര്‍ഷം മുന്‍പ് തലപ്പുഴയില്‍ നിന്നും ചന്ദ്രേട്ടനെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു.ഏതോ വണ്ടിക്കാരന്‍ ലോറിയില്‍ കയറ്റി ബംഗലൂരുവില്‍ ഇറക്കിവിട്ട ചന്ദ്രനെ കൃപാലയം അഗതിമന്ദിരത്തിലെ അച്ഛന്‍മാര്‍ അവിടുത്തെ അന്തേവാസിയായി താമസിപ്പിക്കുകയായിരുന്നു.ഒരു കാലത്ത് തലപ്പുഴയുടെ കാവല്‍ക്കാരന്‍ കൂടിയായിരുന്ന ചന്ദ്രനാണ് ഓര്‍മ്മയായത്.
കഴിഞ്ഞ 6 വര്‍ഷമായി ബംഗലൂര് സിഗ്ദുണ്ട പാളയത്ത് കൃപാലയ അഗതി മന്ദിരത്തിലാണ് ചന്ദ്രന്‍ കഴിഞ്ഞിരുന്നത്. തലപ്പുഴ പുതിയിടത്തെ ചെറുപ്പക്കാരനായ ജോസ് എന്നു വിളിക്കുന്ന ജോസൂട്ടിയും തലപ്പുഴയിലെ മണിയെന്ന് വിളിക്കുന്ന നാണുവും മറ്റൊരു സുഹൃത്തായ റയിസും ചേര്‍ന്ന് ഏഴ് വര്‍ഷത്തിനിടെ ഒരു തവണ ചന്ദ്രനെ തലപ്പുഴയില്‍ എത്തിച്ചിരുന്നു.രണ്ട് ദിവസം തലപ്പുഴയില്‍ തങ്ങിയ ചന്ദ്രനെ വീണ്ടും ബംഗലൂരു കൃപാലയത്തില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.തലപ്പുഴ വാഴയില്‍ കുഞ്ഞപ്പനമ്പ്യാരുടെയും പാര്‍വ്വതി പള്ളിക്കര അമ്മയുടെയും 5-ാമത്തെ മകനായിരുന്ന ചന്ദ്രന്‍.