മണ്ണ് സംരക്ഷണം ശില്‍പ്പശാല സംഘടിപ്പിച്ചു

0

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളും ദുരന്ത പ്രതിരോധ മുന്‍കരുതലും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് വിഷയമവതരിപ്പിച്ചു. നവകേരള നിര്‍മ്മിതിയില്‍ ഭൂമിയുടെ വിനിയോഗം ശാസ്ത്രീയമായി പാലിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് മഴ ദിനങ്ങള്‍ ജില്ലയില്‍ കുറയുകയും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസമാണുള്ളത്. രണ്ടു വര്‍ഷം കൊണ്ടു പെയ്യേണ്ട മഴ 80 ദിവസം കൊണ്ട് പെയ്ത സാഹചര്യമുണ്ടായി. വയനാട്ടില്‍ മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടലുമടക്കം 244 ഓളം ഭൗമ നാശം സംഭവിച്ചത് ചരിത്രത്തിലാദ്യമാണെന്നും പി.യു ദാസ് വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയ പഞ്ചാത്തലത്തില്‍ നവകേരള നിര്‍മ്മിതിക്ക് ഊന്നല്‍ നല്‍കിയാണ് ഇത്തവണ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നത്.

ഗാന്ധിജയന്തി വാരാഘോഷം ഒക്ടോബര്‍ 8ന് രാവിലെ 12 മണിക്ക് കളക്ട്രേറ്റില്‍ പുസ്തക സമാഹരണത്തോടെ സമാപിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് എന്നിവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!