അതിര്‍ത്തിയില്‍ ലഹരി കടത്ത് വ്യാപകം; പരിശോധന കര്‍ശനമാക്കുന്നു

0

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ കൊണ്ടുവരുന്നത് തടയാന്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കുന്നു. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസം ജില്ലയില്‍ എക്സൈസ് വകുപ്പ് 363 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അബ്കാരി- 36, എന്‍.ഡി.പി.എസ്- 39, കോട്പ- 288 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. പോലീസ്, ഫോറസ്റ്റ്,  റവന്യൂ വകുപ്പുകളുമായി സഹകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 256 റെയ്ഡുകളും നടത്തി. 13 അബ്കാരി കേസുകളിലും 33 എന്‍.ഡി.പി.എസ് കേസുകളിലും പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച 30.400 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. ഇതര കേസുകളില്‍ പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍: ചാരായം-9 ലിറ്റര്‍, വാഷ്-1572 ലിറ്റര്‍, കഞ്ചാവ്- 19.685 കിലോഗ്രാം, പുകയില ഉല്‍പന്നങ്ങള്‍- 309.490 കിലോഗ്രാം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന 20.895 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കോറ്റ്പ ഫൈനായി 55,700 രൂപ ഈടാക്കി. 3541 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് രണ്ടെണ്ണം പിടിച്ചെടുത്തു. ജില്ലയില്‍ 378 കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി. 39 സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ 10,598, ബാവലിയില്‍ 3401, തോല്‍പ്പെട്ടിയില്‍ 2783 വാഹനങ്ങള്‍ എക്സൈസ് വകുപ്പ് പരിശോധന നടത്തിയതായി കളക്ട്രേറ്റില്‍ ചേര്‍ന്ന ജനകീയ,വിമുക്തി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്‌കൂളുകള്‍, ആദിവാസി കോളനികള്‍,ട്രൈബല്‍ ഹോസ്റ്റലുകള്‍ എന്നിവടങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിമുക്തി പരാതിപ്പെട്ടി എല്ലാ പഞ്ചായത്തുകളിലും ഉടന്‍ സ്ഥാപിക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!