മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കാരാപ്പുഴ അണക്കെട്ടില്‍നിന്ന് വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങി. മൂന്നു ഷട്ടറുകളും അഞ്ചുസെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് ജലം പുറംതള്ളുന്നത്. വെള്ളിയാഴ്ച ആദ്യത്തെ ഷട്ടര്‍ ഉയര്‍ത്തി. നിശ്ചിത ഇടവേളകളില്‍ ബാക്കി രണ്ടു ഷട്ടറും ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ നാലുമുതല്‍ ആറു ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.
മഴക്കാലത്ത് അണയിലെ വെള്ളം പെട്ടെന്നു തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ പരിസരവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. കോവിഡ് കാലമായതിനാല്‍ ഇതേറെ പ്രയാസമാകും. ഇതും കണക്കിലെടുത്താണ് അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നത്. വൃഷ്ടിപ്രദേശത്ത് തുടരെ ലഭിച്ച വേനല്‍മഴയില്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുന്നതും വെള്ളം പുറത്തേക്കു ഒഴുക്കുന്നതിന് കാരണമാണ്. നിലവില്‍ 44.31 മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. കാരാപ്പുഴയിലെ വെള്ളം കൂടുതല്‍ സ്ഥലങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് കാരാപ്പുഴ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വി. സന്ദീപ് പറഞ്ഞു. ഇടതുകര, വലതുകര മെയിന്‍ കാനാലുകളുടെ പ്രവൃത്തി ജൂണ്‍ 15-നകം പൂര്‍ത്തിയാകും. മേയില്‍ തീര്‍ക്കാനിരുന്നതാണ് മെയിന്‍ കനാലുകളുടെ നിര്‍മാണം. മഴയും കൊറോണ വ്യാപനത്തെത്തുടര്‍ന്നു നിര്‍മാണസാമഗ്രികളുടെ ലഭ്യത കുറഞ്ഞതുമാണ് പ്രവൃത്തി മന്ദഗതിയിലാക്കിയത്.
16.74 കിലോമീറ്ററാണ് കാരാപ്പുഴ അണയുടെ ഇടതുകര കനാലിന്റെ നീളം. 2019-ലെ പ്രകൃതിക്ഷോഭത്തില്‍ തൃക്കൈപ്പറ്റ കെ.കെ. ജങ്ഷനു സമീപം കനാല്‍ 96 മീറ്റര്‍ തകര്‍ന്നിരുന്നു. ഈ ഭാഗത്ത് പുനര്‍നിര്‍മാണം അന്തിമഘട്ടത്തിലാണ്. 8.805 കിലോമീറ്ററുള്ള വലതുകര കനാലിന്റെ നിര്‍മാണം നേരത്തേ പൂര്‍ത്തിയായതാണ്.
മെയിന്‍ കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാരാപ്പുഴ ജലസേചന പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്യാം. ഇതോടെ 600 ഹെക്ടര്‍ വയലിലും 200 ഹെക്ടര്‍ കരയിലും അണയിലെ വെള്ളമെത്തും. കാരാപ്പുഴയിലെ വെള്ളം കൃഷിയാവശ്യത്തിനു കിട്ടുന്നില്ലെന്ന കര്‍ഷകരുടെ ആവലാതിക്കും ഭാഗികപരിഹാരമാകും.
കരഭൂമിയില്‍ നാണ്യവിളകള്‍ക്കാണ് ജലസേചന സൗകര്യം ഒരുക്കുന്നത്. അണയുടെ ഇടതുകര, വലതുകര കനാലുകളോടു ചേര്‍ന്നുള്ള കരഭൂമിയില്‍ മൈക്രോ ഇറിഗേഷന്‍ സങ്കേതത്തിലൂടെയാണ് വെള്ളം എത്തിക്കുക.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍ പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും 5,221 ഹെക്ടറില്‍ കനാലുകളിലൂടെ വെള്ളമെത്തിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിന് വിഭാവനം ചെയ്തതാണ് കാരാപ്പുഴ പദ്ധതി. പൂര്‍ണമായി കമ്മിഷന്‍ ചെയ്യുന്നതിന് അണയുടെ സംഭരണശേഷി 76.5 മില്യണ്‍ ക്യൂബിക് മീറ്ററായി വര്‍ധിപ്പിക്കുന്നതിനൊപ്പം കൈക്കനാലുകളുടെ നിര്‍മാണവും നടത്തണം. സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് 8.12 ഹെക്ടര്‍ സ്ഥലംകൂടി ഏറ്റെടുക്കണം. ഇതില്‍ 6.12 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗതിയിലാണ്. കാരാപ്പുഴ പദ്ധതി 2023ല്‍ പൂര്‍ണമായും കമ്മിഷന്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജലസേചന വകുപ്പ്. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 7.6 കോടി രൂപ മതിപ്പുചെലവില്‍ 1978ല്‍ പ്രവൃത്തി തുടങ്ങിയതാണ് പദ്ധതി നിര്‍മാണം.
അടിത്തട്ടില്‍ മണ്ണടിഞ്ഞ് അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യൂബിക് മീറ്റര്‍ കുറഞ്ഞതായി പീച്ചിയിലെ കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള (കെ.ഇ. ആര്‍.ഐ)വിദഗ്ധസംഘം നേരത്തേ കണ്ടെത്തിയിരുന്നു. അണയില്‍ അടിഞ്ഞ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കെ. ഇ.ആര്‍.ഐ. ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ, മണ്ണുനീക്കുന്നതില്‍ ഇനിയും തീരുമാനമായില്ല. കാരാപ്പുഴ അണയിലെ വെള്ളം കല്പറ്റയിലടക്കം കുടിവെള്ള വിതരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.