സജ്ജീകരണങ്ങളായി;
പരിശോധനാ ഫലം ഇനി വൈകില്ല
* വെറ്ററിനറി കോളജ് ലാബില്‍ അസിസ്റ്റന്റുമാരെ നിയമിച്ചു
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പരിശോധനാ ഫലം വൈകുന്നുവെന്ന പരാതിക്ക് പരിഹാരം. ഡി.എം.ഒ. ഡോ. ആര്‍ രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സുല്‍ത്താന്‍ ബത്തേരി ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് ജീവനക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചു. രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജോലിഭാരം കൂടിയതിനാല്‍ കൃത്യസമയത്ത് പരിശോധനാ ഫലം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. ഇതിനു പരിഹാരമായി ലാബില്‍ അധികജീവനക്കാരെ നിയമിച്ചു. ഡാറ്റാ അപ്ലോഡിങ് വേഗത കൂട്ടുന്നതിനായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് ഓഫിസര്‍ ഡോ. സബ്രീന, സിബി വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിലവില്‍ രണ്ടു മൈക്രോബയോളജിസ്റ്റുകള്‍ അടക്കം 26 ജീവനക്കാര്‍ സുല്‍ത്താന്‍ ബത്തേരി ലാബിലുണ്ട്. ലാബ് ടെക്നീഷ്യന്‍- 9, ലാബ് അസിസ്റ്റന്റ്- 4, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- 3, ക്ലീനിങ് സ്റ്റാഫ്-3, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 6 എന്നിങ്ങനെയാണ് മറ്റ് ജീവനക്കാരുടെ എണ്ണം. അതേസമയം, പൂക്കോട് വെറ്ററിനറി ലാബില്‍ അഞ്ചു ലാബ് അസിസ്റ്റന്റുമാരെ കൂടി അധികം നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി. ഇതോടെ വരും ദിവസങ്ങളില്‍ ലാബില്‍ മൂന്നു ഷിഫ്റ്റുകളിലായി കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. ലാബ് ടെക്നീഷ്യന്‍- 8, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 1, ലാബ് അസിസ്റ്റന്റ്- 7, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- 1 എന്നിങ്ങനെയാണ് പൂക്കോട് വെറ്ററിനറി കോളജ് ആര്‍.ടി.പി.സി.ആര്‍. ലാബിലുള്ള ജീവനക്കാരുടെ എണ്ണം.