നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മെയ് 2 ന് രാവിലെ 8 മുതല്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെയിന്‍ ഹാള്‍, ജൂബിലി ഹാള്‍, സ്‌കൂളിന് മുന്‍വശത്തായി താത്കാലികമായി നിര്‍മ്മിച്ച ഹാള്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. ബത്തേരിയിലെ സെന്റ് മേരീസ് കോളേജിലെ ഒന്നും, രണ്ടും ഹാളുകള്‍ ജൂബിലി ഹാളിലും മൂന്നാമത്തേത് പഴയ ലൈബ്രറി ഹാളിലുമാണ് ഒരുക്കിയത്. മാനന്തവാടിയിലെ മേരിമാതാ കോളേജില്‍ ഒന്നും, രണ്ടും ഹാളുകള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, മൂന്നാമത്തേത് രണ്ടാം നിലയിലുമാണ് സജജീകരിച്ചിട്ടുള്ളത്.
സ്‌ട്രോംഗ് റൂം രാവിലെ 7 ന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ തുറക്കും. തുടര്‍ന്ന അവരുടെ സാന്നിധ്യത്തില്‍ തന്നെ ഇ.വി.എം, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ വരണാധികാരിയുടെ ടേബിളില്‍ എത്തിക്കും. വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ഒരു ഹാളില്‍ വരണാധികാരിയും മറ്റിടങ്ങളില്‍ സഹവരണാധികാരികളും ഉണ്ടാവും. ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മീഷന്റെ എന്‍കോര്‍ സോഫ്‌റ്റ്വെയറില്‍ അപ്ലോഡ് ചെയ്യും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ നേരിട്ട് ഫലം അപ്ലോഡ് ചെയ്യും. https://results.eci.gov.in/ എന്ന ഇലക്ഷന്‍ റിസല്‍ട്ട്‌സ് പോര്‍ട്ടലിലാണ് ട്രെന്‍ഡുകളും ഫലവും തല്‍സമയം ലഭ്യമാവുക. വോട്ടര്‍ ഹെല്‍പ്ലൈന്‍ (Voter Helpline) മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും.
വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍
രാവിലെ എട്ട് മണി മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങും. ആദ്യം ഇ.ടി.പി.ബി.എസ് പോസ്റ്റല്‍ ബാലറ്റുകള്‍ (സര്‍വ്വീസ് വോട്ടുകള്‍) എണ്ണും. 8.30 നാണ്് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിക്കുക. മെയ് രണ്ടിന് രാവിലെ 8 വരെ തപാലില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രം സ്വീകരിക്കും.
ഒരു കേന്ദ്രത്തില്‍ 21 ടേബിളുകള്‍
ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്ന് ഹാളുകളാണ് സജ്ജീകരിക്കുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിനായി ഒരു ഹാളില്‍ ഏഴ് ടേബിളുകള്‍ എന്ന നിലയില്‍ ഒരു കേന്ദ്രത്തില്‍ 21 ടേബിളുകളാണ് ഒരുക്കിയത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി കല്‍പ്പറ്റയിലെയും സുല്‍ത്താന്‍ ബത്തേരിയിലെയും കേന്ദ്രങ്ങളില്‍ നാല് വീതം ടേബിളുകളും മാനന്തവാടിയില്‍ അഞ്ച് ടേബിളുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ജില്ലയില്‍ ഇ.വി.എം വോട്ടുകള്‍ എണ്ണുന്നതിനായി ആകെ 63 ടേബിളുകളും, പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനായി 13 ടേബിളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയ 21 ടേബിളുകളില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സ്റ്റേഷനുകളുടെ നമ്പര്‍ പ്രകാരമാണ് വോട്ടെണ്ണല്‍ നടക്കുക. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ കേന്ദ്രങ്ങളിലെ ഇ.വി.എം വോട്ടെണ്ണല്‍ 16 റൗണ്ടുകളില്‍ പൂര്‍ത്തിയാകും. മാനന്തവാടിയില്‍ 15 റൗണ്ടുകളിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുക. ഒരു ടേബിളില്‍ 500 വോട്ട് എന്ന നിലയില്‍ നാല് ടേബിളുകളിലായി രണ്ട് റൗണ്ടുകളായാണ് കല്‍പ്പറ്റ, ബത്തേരി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക. മാനന്തവാടി നിയോജകമണ്ഡലത്തില്‍ ഒരു ടേബിളില്‍ 800 പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.
*വോട്ടെണ്ണിലിന് 841 പേര്‍ *
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കായി 841 ജീവനക്കാരെയാണ് നിയമിച്ചിട്ടുളളത്. 113 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 136 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 116 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4 ഇ.ടി.പി.ബി.എസ് സൂപ്പര്‍വൈസര്‍, 472 സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിങ്ങിനെയാണ് നിശ്ചയിച്ചത്. മെയ് രണ്ടിന് രാവിലെ നടത്തുന്ന റാന്‍ഡമൈസേഷനിലൂടെയാണ് ഇവര്‍ ഏത് ടേബിളില്‍ ആണ് ഡ്യൂട്ടി ചെയ്യുക എന്ന് തീരുമാനിക്കുക. വോട്ടെണ്ണല്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്ന് പേര്‍ക്കാണ് ഒരു ഇ.വി.എം വോട്ടെണ്ണല്‍ ടേബിളിന്റെ ചുമതല. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ഒരു എ.ആര്‍.ഒ, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് ഒരു ടേബിളിന്റെ ചുമതല. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ഗസറ്റഡ് ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഹാളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
കോവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്്. സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പോളിംഗ് ഏജന്റുമാരെ മാത്രമെ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളു. ഏജന്റുമാര്‍ ആവശ്യപ്പെടുന്ന പ്രകാരം അവര്‍ക്ക് പി.പി.ഇ കിറ്റ് നല്‍കും. കേന്ദ്രങ്ങളില്‍ ഫെയിസ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കില്ല. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ്ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ഹാളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല.