ആനവണ്ടി പ്രേമികളുടെ വിനോദയാത്ര വിവാദമായ സംഭവം; രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ബത്തേരി ഡിപ്പോയിലെ ഡ്രൈവര്‍മാരായ ചീരാല്‍ സ്വദേശി കെ ടി വിനോദ്കുമാര്‍, കേണിച്ചിറ സ്വദേശി ടി ബി ഷിജു എന്നിവര്‍ക്കെതിരെയാണ് കെ എസ് ആര്‍ ടി സിയും, മോട്ടോര്‍ വാഹനവകുപ്പും ജോലിയില്‍ മാറ്റിനിര്‍ത്തികൊണ്ടുള്ള നടപടിയെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആനവണ്ടി പ്രേമികള്‍ എന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ വാടകക്കെടുത്ത് ഉല്ലാസ യാത്ര നടത്തിയിത്. യാത്രയില്‍ ഉടനീളം കെ എസ് ആര്‍ ടി സിക്ക് മാനക്കേടുണ്ടാക്കുന്നതും നിയമം ലംഘിച്ചുമായിരുന്നുവെന്ന പരാതിയും ഉയര്‍ന്നു. ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ കെ എസ് ആര്‍ ടി സിയും, മോട്ടോര്‍ വാഹനവകുപ്പും നടപടിയെടുത്തിരിക്കുന്നത്. ബത്തേരി ഡിപ്പോയിലെ ഡ്രൈവര്‍മാരായ ചീരാല്‍ സ്വദേശി, കെ ടി വിനോദ് കുമാര്‍, കേണിച്ചിറ സ്വദേശി ടി ബി ഷിജു എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തികൊണ്ടുള്ള നടപടിയാണ് സോണല്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം എടുത്തിരിക്കുന്നത്. സഞ്ചാരികളെ ബസ്സിനുമുകളില്‍ കയറ്റി അപകടരമാം വിധം ഓടിക്കുകയും, ബത്തേരി ഡിപ്പോയില്‍ പടക്കം പൊട്ടിച്ചും മറ്റും അപകടത്തിന് ഇടയാക്കുന്നവിധം പെരുമാറുകയും ചെയ്ത ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിച്ചിട്ടുമുണ്ട്. സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വകുപ്പതല നടപടിയുണ്ടാവുമെന്നാണ് അറിയുന്നത്.