രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാസ് വാക്‌സിനേഷന്‍ കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 11 മുതല്‍ നാല് ദിവസമാണ് വിപുലമായ വാക്‌സിനേഷന്‍ ക്യാംപയിന്‍ നടക്കുക. അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസ് വാക്‌സിനേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 6000 ഇടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
നാല് ലക്ഷം പേര്‍ക്ക് നാല് ദിവസം കൊണ്ട് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ബിഹാര്‍ ലക്ഷ്യമിടുന്നത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് മഹാ വാക്‌സിനേഷന്‍ നടത്താനൊരുങ്ങുന്നത്.
സംസ്ഥാനത്ത് അഞ്ച് ദിവസം വിതരണം ചെയ്യേണ്ട വാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ഡോസ് അയക്കാന്‍ തയ്യാറായില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ വാക്‌സിന്‍ ശേഖരം തീരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിട്ടുണ്ട്. 710 ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് ഡല്‍ഹിയില്‍ ശേഷിക്കുന്നത്.രാജ്യത്ത് ഇതുവരെ പത്ത് കോടി പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്.