വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം; രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

0

വെള്ളമുണ്ട വാരാമ്പറ്റയില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സ്വദേശികളായ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടു വന്ന 1848 ബ്രാന്‍ഡ് നെയിമില്‍പ്പെട്ട എക്‌സോ ബ്രാന്‍ഡിയാണ് വില്ലനായത്. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), ഇയാളുടെ മകന്‍ പ്രമോദ്(35), ബന്ധുവായ പ്രസാദ്(35) എന്നിവരാണ് മരിച്ചത്. ചെറിയ തോതില്‍ മന്ത്രവാദ ക്രിയകള്‍ നടത്തി വരുന്ന ആളാണ് തിഗന്നായി. ബുധനാഴ്ച രാവിലെ 11 മണിക്ക് ചരട് മന്ത്രിച്ച് കെട്ടാന്‍ വന്ന യുവാവ് കൊടുത്ത മദ്യം കഴിച്ച തിഗന്നായി ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. തിഗന്നായി അസുഖങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നതിനാല്‍ മരണകാരണം മദ്യമല്ല രോഗമായിരിക്കുമെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. രാത്രി 10 മണിയോടൊയാണ് പ്രസാദ് രാവിലെ ബാക്കിയുണ്ടായിരുന്ന മദ്യത്തിന്റെ കാര്യം സുഹൃത്തുക്കളോട് പറയുന്നത്. നാല് പേര്‍ ചേര്‍ന്ന് കഴിക്കാന്‍ ശ്രമിക്കുകയും പ്രമോദും പ്രസാദും ആദ്യം കഴിക്കുകയും ചെയ്തു, മദ്യം കഴിച്ച ശേഷം ഇരുവരും കുഴഞ്ഞു വീഴുകയായിരുന്നു, തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരണപ്പെടുകയായിരുന്നു. പ്രമോദ് അവിവാഹിതനാണ്. കൂലിപ്പണിക്കാരനുമാണ്. മാതാവ്‌ ഭാരതി. പ്രസാദ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ: ഷീജ. പരേതനായ ഗോപാലനാണ് പിതാവ്. മാതാവ്: കല്യാണി. മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം. മാനന്തവാടി സ്വദേശിയായ മറ്റൊരു യുവാവില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങി വാരാമ്പറ്റക്ക് പോയത്. ഇവര്‍ രണ്ട് പേരുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!