കൊവിഡ്: നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ; മധ്യപ്രദേശിൽ ബസ് സർവീസ് താത്ക്കാലികമായി നിർത്തി

0

രാജ്യത്ത് വീണ്ടും ലക്ഷം കടന്ന് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രോഗ വ്യാപനം സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. രോഗികളുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടിപ്പിച്ചു. പഞ്ചാബിൽ ഈ മാസം 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 9 മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് കർഫ്യൂ. മധ്യപ്രദേശിൽ ഈ മാസം 15 വരെ ബസ് സർവീസുകൾ താത്ക്കാലികമായി നിർത്തിവച്ചു. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒറ്റക്ക് കാർ ഓടിക്കുകയാണെങ്കിലും മാസ്‌ക് അനിവാര്യമെന്ന ഉത്തരവുമായി ഡൽഹി ഹൈക്കോടതി രംഗത്തെത്തി. മാസ്‌കിനെ സുരക്ഷാ കവജമായി കാണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗുജറാത്തിലെ ആറ് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പു നൽകി.

അതേസമയം രാജ്യത്തെ വാക്‌സിനേഷൻ പുരോഗമിക്കുന്നുവെങ്കിലും വിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട്. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 2 ദിവസം കൂടി വാക്‌സിനേഷൻ നടപടികൾ തുടരാനുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചു. രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 8 കോടി 70 ലക്ഷം കടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!