കുറുവയില്‍ ഏപ്രില്‍ പത്തോടെ സഞ്ചാരികള്‍ക്ക് പ്രവേശനം

0

ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന കുറുവ ടൂറിസം കേന്ദ്രം വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമായി.ദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം പിന്‍വലിച്ച് ഹൈക്കോടതി ഉത്തരവായി. ഏപ്രില്‍ പത്തോടെ വിനോദസഞ്ചാരികള്‍ക്കായി കേന്ദ്രം തുറക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

2019 മാര്‍ച്ച് 22 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരമാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവാദ്വീപ് അടച്ചുപൂട്ടിയത്.വനമേഖലകളില്‍ ഇക്കോടൂറിസം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്.ഇതിനെതിരെ പ്രദേശത്തെ 38 ഓളം പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിപരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രം തുറക്കാന്‍ ഹൈക്കോടതി താല്‍ക്കാലികാനുമതി നല്‍കിയത്. കുറുവ അടച്ചുപൂട്ടുന്നതിന് മുമ്പായി ദിവസേന പ്രവേശനം നല്‍കിയിരുന്ന പ്രതിദിനം 1050 പേര്‍ക്ക് മാത്രമെ തുടര്‍ന്നും പ്രവേശനാനുമതി ലഭിക്കുകയുള്ളു.ഇത് കുറുവയുടെ രണ്ട് ഭാഗങ്ങളിലൂടെയുള്ള പ്രവേശനകവാടങ്ങള്‍ക്ക് തുല്യമായി പങ്കുവെക്കും.കേന്ദ്രം തുറക്കുന്നതിന് മുന്നോടിയായുള്ള റിപ്പയര്‍ പ്രവൃത്തികള്‍ കുറുവയില്‍ ഇതിനോടകം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുറമെ കോടതി നല്‍കിയ കര്‍ശന നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കും വിനോദസഞ്ചാരികളെ കുറുവയില്‍ പ്രവേശിപ്പിക്കുക.കുറുവയിലെ വിനോദസഞ്ചാരം സംബന്ധിച്ച് രണ്ട് വര്‍ഷത്തിലധികമായി, പ്രദേശത്തെ രണ്ട് വ്യക്തികളും, ഒരു സംഘടനയും നല്‍കിയ ഹര്‍ജിയും ഹൈകോടതിയില്‍ ഉണ്ട്.ഇതിലെ വാദംകൂടി പൂര്‍ത്തിയായാല്‍ മാത്രമെ കുറുവാദ്വീപ് വിനോദസഞ്ചാര കേന്ദ്രമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമാവുകയുള്ളു.

Leave A Reply

Your email address will not be published.

error: Content is protected !!