സമ്പൂര്‍ണ ലോക്ഡൗണിന് ഇന്ന് ഒരാണ്ട്
കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2020 മാര്‍ച്ച് 23 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചത്. അടച്ചിടലിന് ഒരു വര്‍ഷമാകുമ്പോള്‍ രാജ്യം കോവിഡിന്റെ രണ്ടാം വ്യാപന ഭീതിയിലാണ്.
ആദ്യ അടച്ചിടല്‍ 21 ദിവസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് മെയ് മൂന്നിലേക്കും 17ലേക്കും 31ലേക്കും നീണ്ടു. ജൂണ്‍ മുതല്‍ ചെറിയ ഇളവുകള്‍ നല്‍കി. ഏഴ് ഘട്ടമായി ഡിസംബര്‍ വരെ അണ്‍ലോക്ക് തുടര്‍ന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും വിമാന, റെയില്‍ സര്‍വീസുകള്‍ ഇനിയും സാധാരണ നിലയിലായിട്ടില്ല.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്നലെ ഇന്ത്യയില്‍ 46,951 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബര്‍ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 212 പേരാണ് കോവിഡ് രോഗബാധ മൂലം മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,59,967 ആയി. നിലവില്‍ 3,34,646 പേരാണ് ചികില്‍സയിലുള്ളത്. മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കാല്‍ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാഗ്പൂരില്‍ മാത്രം 3000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
രാജ്യത്ത് കോവിഡ് കാര്യമായി കുറഞ്ഞശേഷം വന്‍ വര്‍ധനയുണ്ടായതു പരിഗണിക്കുമ്പോള്‍, നിലവിലേത് രണ്ടാം തരംഗമായി കരുതാമെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. സമൂഹത്തിനു മൊത്തം പ്രതിരോധ ശേഷി ലഭിക്കുന്ന ഘട്ടത്തിലേക്ക് (ഹേഡ് ഇമ്യൂണിറ്റി) രാജ്യം കടന്നുവെന്ന വാദം ശരിയല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൂട്ടപ്രതിരോധം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോകാനാകില്ലെന്നും പതിവു മാര്‍ഗങ്ങളും വാക്‌സീനും തുടരുക മാത്രമാണ് വഴിയെന്നും ഐസിഎംആര്‍ ഡയറക്ടര്‍ പറഞ്ഞു.രാജ്യം വീണ്ടും കോവിഡ് വ്യാപന ഭീതിയില്‍