സംഷാദ് മരക്കാരുടെ പരാമര്‍ശം രാഷ്ട്രീയപ്രേരിതം: എല്‍ഡിഎഫ്

0

മാനന്തവാടി മെഡിക്കല്‍ കോളേജ് സംബന്ധിച്ച,വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാരുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശം രാഷ്ട്രീയപ്രേരിതമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി,ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വയനാട് ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്താന്‍ സര്‍ക്കാരിന് അധികാരമില്ല എന്നും, ജില്ലാ പഞ്ചായത്തിന് പരിപാലന ചുമതലയുള്ള ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനുമുമ്പ് ജില്ലാ പഞ്ചായത്തിന്റെ അനുമതി തേടിയില്ല എന്നുമുള്ള സംഷാദ് മരക്കാരുടെ ആരോപണം, പഞ്ചായത്ത് രാജ് നിയമത്തെ സംബന്ധിച്ച് വേണ്ടത്ര ധാരണയില്ലായ്മയില്‍ നിന്നും ഉണ്ടായതാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വ്യത്യസ്ത സ്ഥാപനങ്ങള്‍ ദൈനംദിന പരിപാലനത്തിന് വേണ്ടി വിവിധ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളതാണ്. അതില്‍ ഏതെങ്കിലും ഒരു സ്ഥാപനം അപ്‌ഗ്രേഡ് ചെയ്യാനോ ഏറ്റെടുക്കാനോ ഉള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.സംസ്ഥാനത്ത് എത്രയോ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും,ആരോഗ്യ സ്ഥാപനങ്ങളും പല ഘട്ടങ്ങളില്‍ സര്‍ക്കാര്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.അതൊന്നും ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെയല്ല ചെയ്തത്.

അങ്ങനെ അനുമതി വാങ്ങേണ്ട ആവശ്യവുമില്ല.ജില്ലാശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തിയാല്‍ അതിന്റെ ദൈനംദിന ചെലവുകള്‍ ജില്ലാ പഞ്ചായത്തിന് വഹിക്കാന്‍ കഴിയില്ല എന്ന് പ്രസിഡണ്ട് പറയുമ്പോള്‍ അദ്ദേഹത്തോട് ആരാണ് ചെലവ് ആവശ്യപ്പെട്ടത്?മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ച ഇടതുപക്ഷ സര്‍ക്കാരിന് അത് നടത്തിക്കൊണ്ടുപോകാനുള്ള തുക നല്‍കാനും കഴിയും. യു ഡിഎഫ് സര്‍ക്കാരിനെ പോലെ മടക്കിമലയില്‍ സ്ഥലം കണ്ടെത്തി എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ശിലാഫലകം സ്ഥാപിച്ഛ് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായി എന്നു പറഞ്ഞ് നാട്ടുകാരെ പറ്റിക്കുകയല്ല ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.140 ഓളം തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു.അതില്‍ ചില ഉദ്യോഗസ്ഥര്‍ വന്ന് ചുമതലയേല്‍ക്കുകയും ചെയ്തു പിന്നെ അദ്ദേഹം പറയുന്നത് ബജറ്റില്‍ പണം നീക്കിവച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2022 മാര്‍ച്ചില്‍ അടുത്ത ബജറ്റില്‍ തുക അനുവദിക്കുന്നതുവരെ ഒരു നയാപൈസ പോലും സര്‍ക്കാരിന് ഈ കോളേജിന് വേണ്ടി ചിലവഴിക്കാന്‍ കഴിയില്ലത്രെ.. ഇത് ബജറ്റ് നടപടിക്രമങ്ങളെ കുറിച്ച് സാമാന്യ ധാരണ ഇല്ലാത്തതുകൊണ്ടാണ്. ഒരു സര്‍ക്കാരിന് സപ്ലിമെന്റ് ബജറ്റ് ഏതുഘട്ടത്തിലും അവതരിപ്പിക്കാന്‍ കഴിയും.

മാത്രമല്ല 2019ലെ കേരള ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജിന് തുക വകയിരുത്തിയിട്ടുണ്ട്. ആതുകക്ക് ഭരണാനുമതി കൊടുത്താല്‍ സര്‍ക്കാരിന് ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. മെഡിക്കല്‍ കോളേജ് നടത്തിപ്പില്‍ അവ്യക്തത ഉണ്ടെങ്കില്‍ അത് ഒരു കത്തിലൂടെ സര്‍ക്കാരിനെ അറിയിക്കുന്നതിന് പകരം വാര്‍ത്താസമ്മേളനം നടത്തി പറയുന്നത് കേവലം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മാത്രമാണ്. ജില്ലാ ആശുപത്രി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തിയിട്ട് ഒരു മാസം കഴിഞ്ഞു. അന്നൊന്നും ഇല്ലാതിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അവതരിപ്പിക്കുന്നുതന്റെ നേതാക്കള്‍ക്ക് നാല് വോട്ട് ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ കഴിയട്ടെ എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ദീര്‍ഘകാലം കേരളവും, വയനാട് ആകെയും അടക്കി ഭരിച്ചിട്ടും മെഡിക്കല്‍ കോളേജ് കൊണ്ടുവരാന്‍ കഴിയാത്തതിലുള്ള കോണ്‍ഗ്രസിന്റെ കഴിവുകേട് മറച്ചു വെക്കാനും, മെഡിക്കല്‍ കോളേജ് എന്ന വയനാടിന്റെ സ്വപ്നം സാക്ഷാത്കരിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള, കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയുമാ ണ് വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. പക്ഷേ അത് വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തലയില്‍ കെട്ടി വയ്ക്കരുത്..

ജില്ലാ പഞ്ചായത്ത് ചര്‍ച്ച ചെയ്യാത്ത കാര്യം ജില്ലാ പഞ്ചായത്തിന്റെ തായി അവതരിപ്പിക്കുന്നത് ശരിയല്ല. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനും ഇടതുപക്ഷത്തിനുംഎട്ട് സീറ്റുകള്‍ വീതമാണുള്ളത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ മാത്രം താല്പര്യങ്ങള്‍ക്കനുസരിച് ജില്ലാ പഞ്ചായത്ത് ഭരണം നടത്തി കളയാം എന്ന് ആഗ്രഹിക്കുന്നത് വ്യാമോഹം മാത്രമാണ്, അത് ഇടതുപക്ഷ അംഗങ്ങള്‍ അനുവദിക്കുകയുമില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ഛ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ കഴിയും എന്ന് ആഗ്രഹിക്കരുത്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണാര്‍ത്ഥത്തില്‍ കൊണ്ടുവരാന്‍ എല്ലാവിധ പരിശ്രമവും ജില്ലാ പഞ്ചായത്തിലെ ഇടതുപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാഷ്ട്രീയ പ്രേരിത ആരോപണങ്ങള്‍ തള്ളിക്കളയണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!