വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ : ഒ ആര്‍ കേളു എംഎല്‍എ
വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ.കല്‍പ്പറ്റ എംഎല്‍എയുടെ വാദം തള്ളി ഒ ആര്‍ കേളു എംഎല്‍എ. ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികമായാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചതെന്നും അനുയോജ്യമായ ഭൂമി കണ്ടെത്തിയാല്‍ കോളേജ് പ്രവര്‍ത്തനം അവിടേക്ക് മാറ്റുമെന്നുള്ള കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്റെ പ്രതികരണത്തിനെതിരെയാണ് ഒ.ആര്‍ കേളു എംഎല്‍എ രംഗത്തെത്തിയത്.
മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതായാണ് വിജ്ഞാപനമിറക്കിയത്.കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും ആര് തന്നെ വിചാരിച്ചാലും ഇത് ഇനി മാറ്റാന്‍ കഴിയില്ലെന്നും എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എഎന്‍ പ്രഭാകരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണ് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയതിലൂടെ ചെയ്തതെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന് മറുപടിയായാണ് കല്‍പ്പറ്റ എം എല്‍ എ മെഡിക്കല്‍ കോളേജ് സംബന്ധിച്ച് അവ്യക്തത സൃഷ്ടിക്കുന്നവിധത്തില്‍ പ്രതികരിച്ചത്.മാനന്തവാടിയില്‍ പുതുതായി കെട്ടിടങ്ങളൊന്നും നിര്‍മിക്കുന്നില്ലെന്നും താല്‍ക്കാലികമായി മാനന്തവാടിയില്‍ തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായുമാണ് സി കെ ശശീന്ദ്രന്‍ വിശദീകരിച്ചത്.