തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ്

0

ലൈഫ് ഭവനപദ്ധതിക്ക് പുറമെ രാജീവ് ഗാന്ധി സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ്.60 കോടി 27 ലക്ഷത്തി 15000 വരവും 60 കോടി 1000 രൂപ ചിലവും 48 ലക്ഷത്തി 75489 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എം.ജി.ബിജു അവതരിപ്പിച്ചത്.രാജീവ് ഗാന്ധിഭവന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിച്ച് പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് അവതരിപ്പിച്ച് എം.ജി.ബിജു.

ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതി ലക്ഷ്യം വെച്ച് ലൈഫ് ഭവനപദ്ധതിക്ക് പുറമെ 20 കോടി രൂപ ബാങ്ക് വായ്പ എടുത്ത് ആദ്യഘട്ടമെന്ന നിലയില്‍ 500 വീടുകള്‍ നിര്‍മ്മിക്കും. പ്രസ്തുത പദ്ധതിയുടെ ആദ്യ തിരിച്ചടവിനായി 48 ലക്ഷം രൂപ ബജറ്റില്‍ മാറ്റി വെച്ചു.ഈ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിച്ച് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡന്റ് എം.ജി.ബിജു പറഞ്ഞു.പഞ്ചായത്തിനെ ഒറ്റകെട്ടായ് കണ്ട് കൊണ്ട് സ്‌നേഹപൂര്‍വ്വം ജനങ്ങളിലേക്ക് എന്ന ജനസമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കും. ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ന്യായവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നീതി മെഡിക്കല്‍ സ്‌റ്റോര്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തി.സ്ത്രീ ശാക്തീകരണത്തിനും കാര്‍ഷിക മേഖലയ്ക്കും യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഉന്നമനം ലക്ഷ്യം വെച്ചുള്ള പദ്ധതികളും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ആദിവാസി വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ വിജയിപ്പിക്കുന്നതിന് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്‌നേഹപൂര്‍വ്വം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതി നടപ്പാക്കുന്നതോടൊപ്പം കോവിഡ് മഹാമാരി കാലത്ത് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് ഉപകാരമെന്നോണം ആംബുലന്‍സ് വാങ്ങുന്നതിനായി 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിക്കും മുന്‍തൂക്കം നല്‍കിയുള്ള ബജറ്റാണ് തവിഞ്ഞാലില്‍ അവതരിപ്പിക്കപ്പെട്ടത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ബജറ്റ് അവതരണത്തില്‍ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ലൈജി തോമസ്, ജോസ് കൈനികുന്നേല്‍, കമറുനിസ, ബ്ലോക്ക് പഞ്ചായത്ത് അംഗം സെല്‍മ മോയിന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ.അയ്യപ്പന്‍, ജോണി മറ്റത്തിലാനി,സെക്രട്ടറി ബീന വര്‍ഗ്ഗിസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
03:06