അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കും – മന്ത്രി ഇ. ചന്ദ്രശേഖരന്‍

0

ദീര്‍ഘകാലമായി പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത ജനങ്ങളുടെ പ്രശ്നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ അദാലത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് റവന്യൂ രജിസ്ട്രേഷന്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.പനമരം സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രശ്നങ്ങള്‍ക്കും ഉടനടി പരിഹാരം ലഭിച്ചില്ലെങ്കിലും വകുപ്പ് മുഖേന ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. അദാലത്തില്‍ എത്തിയ എല്ലാവര്‍ക്കും സാന്ത്വന സ്പര്‍ശമേകാന്‍ അദാലത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.നൂറ്ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാന്ത്വന സ്പര്‍ശം ആദ്യഘട്ട അദാലത്താണ് പനമരത്ത് നടക്കുന്നത്.തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍,തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കുന്നു .
പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ പരാതികളാണ് ആദ്യ ദിവസത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്ടറുകള്‍ മുഖേന തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിക്കാത്ത പരാതികളാണ് മന്ത്രിമാരുടെ സമീപത്തേക്ക് പരിഹാരത്തിനായി എത്തുന്നത്.ഓരോ വകുപ്പുമായും ബന്ധപ്പെട്ട പരാതികളിന്മേല്‍ എടുത്ത തീരുമാനങ്ങള്‍ അതിവേഗം കൈമാറാന്‍ കൃത്യമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് നേരിട്ട് അപേക്ഷകള്‍ നല്‍കുന്നതിനുള്ള സൗകര്യവും അദാലത്തില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ പട്ടികവര്‍ഗ്ഗ, പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ മൊയ്തു, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!