മീനങ്ങാടി സ്‌കൂള്‍ പി.ടി.എയ്ക്ക് സംസ്ഥാനതല പുരസ്‌കാരം.     

0

പൊതുവിദ്യാലയങ്ങളിലെ മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് . സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാമത്തെ മികച്ച പി.ടി.എ ആയാണ് സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടത്.നാല് ലക്ഷം രൂപയും,പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 15 ന് തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

വയനാട് ജില്ലയിലെ ഏറ്റവും മികച്ച പി. ടി.എയ്ക്കുള്ള പുരസ്‌കാരവും മീനങ്ങാടിക്കുതന്നെയാണ്.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സ്‌കൂളില്‍ നടപ്പിലാക്കിയ വൈവിധ്യപൂര്‍ണ്ണമായ പദ്ധതികളാണ് സ്‌കൂളിനെ നേട്ടത്തിനര്‍ഹമാക്കിയത്.പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി അഞ്ചുകോടി 82 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടസമുച്ചയം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ പി. ടി. എ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒന്ന് എന്ന ക്രമത്തില്‍ തിരഞ്ഞെടുത്ത 140 വിദ്യാലയങ്ങളില്‍ ഉള്‍പ്പെട്ട മീനങ്ങാടി, സംസ്ഥാന തലത്തില്‍ മൂന്നാമതായും,ജില്ലയില്‍ ഒന്നാമതായും കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ‘ടി.വി ടാബ് ചലഞ്ച് ‘ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ദരിദ്ര കുടുംബത്തിന് വീടു നിര്‍മിച്ചു നല്‍കുന്ന സ്‌നേഹക്കൂട് പദ്ധതി,ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ദേശീയ തലങ്ങളില്‍ നടക്കുന്ന വിവിധ പ്രവേശന പരീക്ഷകള്‍ക്കും,സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും സജ്ജരാക്കുന്നതിനുള്ള’ഫോക്കസ് ദ ബെസ്റ്റ് ‘പദ്ധതി,സമ്പൂര്‍ണശാസ്ത്ര സാക്ഷര ഗ്രാമം എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ‘ടെല്‍ ഫോര്‍ എസ്.ഡി’ പദ്ധതി, ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ആറാട്ടുപാറയുടെ സംരക്ഷണത്തിനായി കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവരുന്ന ഇടപെടലുകള്‍,പഠനം നിര്‍ത്തിപ്പോകുന്ന ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ തിരികെ എത്തിക്കാന്‍ ആവിഷ്‌കരിച്ച’ബാക്ക് ടു സ്‌കൂള്‍’പദ്ധതി,ഒരു ഏക്കര്‍ സ്ഥലത്ത് നടപ്പിലാക്കിയ ജൈവ നെല്‍ക്കൃഷി, പുഴയോരങ്ങളും കാവുകളും സംരക്ഷിക്കുന്നതിനായി നടപ്പില്‍ വരുത്തുന്ന വിവിധപദ്ധതികള്‍എന്നിവയും നേട്ടങ്ങളില്‍പ്പെടുന്നു.സ്‌കൂളില്‍ ആവിഷ്‌കരിച്ച അക്ഷര ദക്ഷിണ പദ്ധതിയും പുതുമ പുലര്‍ത്തുന്നതായിരുന്നു.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവരുടെ ജന്മദിനങ്ങളില്‍ സ്‌കൂളിലേക്ക് പുസ്തകം സമ്മാനമായി നല്‍കുന്ന ഈ പദ്ധതി സംസ്ഥാന തലത്തില്‍ തന്നെ വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. 3500 ലേറെ പുസ്തകങ്ങളാണ് ഇതുവഴി വഴി സ്‌കൂള്‍ ലൈബ്രറിയിലേക്കു സമാഹരിച്ചത്.സ്‌കൂള്‍ കായികമേള,ശാസ്‌ത്രോത്സവം, കലോല്‍സവം എന്നിവയില്‍ വിദ്യാലയം പുലര്‍ത്തുന്ന മികവിന് പി. ടി. എ നല്‍കുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്.കഴിഞ്ഞവര്‍ഷം കുന്നംകുളത്തു വച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ബെസ്റ്റ് സ്‌കൂളായി മീനങ്ങാടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നിലവില്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളാ ജേതാക്കളായ വിദ്യാലയം 18 തവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിജയശതമാനത്തിലും, എ പ്ലസ് ജേതാക്കളുടെ എണ്ണത്തിലും സ്‌കൂള്‍ പുലര്‍ത്തുന്ന മികവും പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടു.പ്രിന്‍സിപ്പാള്‍ ഷിവികൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പാള്‍ സലിന്‍ പാല,പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്,എസ്.എം.സി ചെയര്‍മാന്‍ ടി. എം ഹൈറുദ്ദീന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് സിന്ധു സാലു ,എസ്.പി.ജി കോഡിനേറ്റര്‍ പി.കെ.ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ നേട്ടത്തിന് അര്‍ഹമാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!