ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന ‘സാന്ത്വന സ്പര്‍ശം’ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കും. പരാതികള്‍/ അപേക്ഷകള്‍ ഫെബ്രുവരി 9ന് രാത്രി 8 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും ഫീസ് നല്‍കേണ്ടതില്ല. https://www.cmo.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.
അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ റവന്യു, സിവില്‍ സപ്ലൈസ്, തദ്ദേശ ഭരണം, സാമൂഹിക നീതി, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയാണ് പരിശോധിക്കുക. മുഴുവന്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും സമയബന്ധിതമായി മറുപടി ലഭിക്കും. അദാലത്തിന് മുമ്പ് തന്നെ സാധ്യമായ പരാതികള്‍ ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പാക്കും. പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത പരാതികളാണ് അദാലത്തിലേക്ക് പരിഗണിക്കുക. പൊതുജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും സംബന്ധിച്ച അപേക്ഷകളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും സാന്ത്വന സ്പര്‍ശം അദാലത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. ദുരിതാശ്വാസത്തിന് അപേക്ഷിക്കേണ്ടവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,വരുമാന സര്‍ട്ടിഫിക്കേറ്റ്,റേഷന്‍ കാര്‍ഡ്,ചികിത്സ സംബന്ധമായ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.