കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പരിസ്ഥിതി ദുര്‍ബല മേഖല കരട് വിജ്ഞാപനം അടിയന്തരമായി പിന്‍വലിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ അടിയന്തര കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചെയര്‍മാന്‍ ടി കെ രമേശ് അവതരിപ്പിച്ച പ്രമേയത്തില്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും സീറോ പോയന്റായി നിജപ്പെടുത്തി നിലനിര്‍ത്തണമെന്നുമാണ് ആവശ്യപ്പെടുന്നത്.
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ദുര്‍ബല മേഖലയാക്കി ഇറങ്ങിയ കരട് വിജ്ഞാപനം അടിയന്തരമായി പിന്‍വലിക്കണ മെന്ന് ബത്തേരി നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ നടപടിയെ ശക്തമായി അപലപിച്ചു കൊണ്ടാണ് പ്രമേയം തുടങ്ങിയത്. നിലവില്‍ കടുത്ത പ്രയാസങ്ങള്‍ നേരിടുന്നതാണ് വയനാട് ജില്ല.ഈ ഉത്തരവ് പ്രധാന ടൗണുകളായ ബത്തേരി,മാനന്തവാടി ടൗണുകളെ അടക്കം ബാധിക്കുകയും കെട്ടിട നിര്‍മ്മാണം,ഖനനം, മറ്റു തരത്തിലുള്ള ഭൂവിനിയോഗങ്ങള്‍ എന്നിവ യ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുക യും ചെയ്യും. ബത്തേരിയിലെ ജനങ്ങള്‍ പൊതുവെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണ്. അതിന് നഗരസഭ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
അതിന്റെ ഉദാഹരണമാണ് നഗരസഭ നടപ്പിലാക്കിയ ക്ലീന്‍സിറ്റി, ഗ്രീന്‍ സിറ്റി, ഫ്‌ളവര്‍ സിറ്റി പദ്ധതി. എന്നാല്‍ ജനങ്ങളുടെ സ്വത്തിനും ജീവനും നിലനില്‍പ്പിനും ഭീഷണിയായിട്ടുള്ള പ്രസ്തുത നയം എതിര്‍ക്കപ്പെടണം.
അതിനാല്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും ടൂറിസം പ്രവര്‍ത്തന സാധ്യതകളെയും ജനജീ വിതത്തെയും പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വനം മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ജനവാസ കേന്ദ്രത്തില്‍ നിന്നും സീറോ പോയിന്റ് ആയി നിജപ്പെടുത്തി നിലനിര്‍ത്തണമെന്നും വയനാടിന്റെ വികസന ചിറകുകള്‍ അരിയുന്നതും വയനാടിനെ ജയിലില്‍ അടയ്ക്കുന്നതുമായ ഈ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നുമാണ് സുല്‍ത്താന്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അവതരിപ്പിച്ച കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.കൂടാതെ എല്ലാ ഡിവിഷനുകളിലും പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയക്കാനും തീരുമാനിച്ചു.