ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണി നടത്തി ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്. എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കുമെന്നും ധനമന്ത്രി അറിയിച്ചു. രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഓഹരി വില്‍ക്കും.
കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകും. കര്‍ഷക ക്ഷേമത്തിനായി 75,060 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെല്‍കര്‍ഷകര്‍ക്ക് നല്‍കിയ ഫണ്ടില്‍ 1.72 കോടിയുടെ വര്‍ധനവുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഏഴ് തുറമുഖങ്ങളുടെ വികസനത്തിനായി 2,000 കോടി രൂപ വകയിരുത്തി. പൊതു സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി. റെയില്‍വേ പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സിറ്റ് ഗ്യാസ് പദ്ധതിയിലേക്ക് 100 ജില്ലകളെക്കൂടി ഉള്‍പ്പെടുത്തും. സോളാര്‍ എനര്‍ജി കോര്‍പറേഷന് 1000 കോടി രൂപയും അനുവദിച്ചു. കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര കൊല്ലം ഇടനാഴിക്കും ബജറ്റില്‍ അനുമതി നല്‍കി. കേരളത്തില്‍ 1,100 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കും.
കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1967.05 കോടി രൂപയും അനുവദിച്ചു. രണ്ടാംഘട്ടത്തില്‍ 11.5 കിലേമീറ്റര്‍ ദൂരത്തിലായിരിക്കും മെട്രോ വിപുലീകരണം. ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.