ജില്ലയിലെ 454 സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ഹരിത ഓഡിറ്റിങ്ങിലാണ് മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയത്. 90 മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്കുളള എ ഗ്രേഡ് 90 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. 135 സ്ഥാപനങ്ങള്‍ ബി ഗ്രേഡിനും 128 സ്ഥാപനങ്ങള്‍ സി ഗ്രേഡിനും അര്‍ഹരായി. ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം.
ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മാനന്തവാടി താലൂക്ക് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവ അതത് താലൂക്ക്തലങ്ങളില്‍ ഒന്നാമതെത്തി.
ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായിട്ടാണ് ഹരിത ഓഫീസുകള്‍ കണ്ടെത്തുന്നതിനായി ഹരിത ഓഡിറ്റിംഗ് നടത്തിയത്. ഇതിനായി പ്രത്യേകം പരിശോധന സമിതിയെ നിയോഗിച്ചിരുന്നു. സമിതിയംഗങ്ങള്‍ ജില്ലാതല ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകള്‍, ബ്ലോക്ക് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ സന്ദര്‍ശിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇരുപത്തി രണ്ട് ഇനങ്ങളുടെ പരിശോധനയില്‍ 100 മാര്‍ക്കില്‍ 90 – 100 നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80- 89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡുമാണ് നല്‍കിയത്. സംസ്ഥാനതലത്തില്‍ 11163 ഓഫീസുകള്‍ക്കാണ് ഹരിത പദവി ലഭ്യമായത്.
ജില്ലാതല ഹരിത ഓഫീസ് പ്രഖ്യാപനവും സാക്ഷ്യപത്ര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ (ഇന്‍ ചാര്‍ജ്) സുഭദ്ര നായര്‍ അധ്യക്ഷത വഹിച്ചു. മുഖ്യാത്ഥിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഹരിത പ്രതിജ്ഞ ചൊല്ലിക്കെടുത്തു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത,പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എസ്. വിഘ്നേഷ്, ശുചിത്വ മിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിത ഓഫിസുകളായി പ്രഖ്യാപിച്ചു
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസും പഞ്ചായത്തിലെ വിവിധ ഓഫിസുകളും ഹരിത ഓഫിസുകളായി പ്രഖ്യാപിച്ചു. ഗ്രീന്‍ കേരള മിഷന്‍ ഹരിത കര്‍മ്മ സേനക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റും ചെക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റനീഷ് നല്‍കി . പഞ്ചായത്ത് മെമ്പര്‍ മുരളിദാസ് അദ്ധ്യക്ഷനായിരുന്നു . സെക്രട്ടറി ശ്രീജിത്ത് കരിങ്ങാളി,അസിസ്റ്റന്റ് സെക്രട്ടറി മനോജ്, വി.ഇ.ഒ പ്രിന്‍സ് , ഹെഡ് മിസ്ട്രസ്സ് ശാലമ്മ, മെഡിക്കല്‍ ഓഫീസര്‍ ജുനൈദ്, സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ സാവിത്രി, ഹരിത കര്‍മ്മ സേന പ്രസിഡന്റ് അനിത എന്നിവര്‍ സംസാരിച്ചു.
എ ഗ്രേഡോടെ ഹരിത ഓഫീസായിമാറിയ സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്കുള്ള പുരസ്‌കാര- സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാരം കൈമാറലും ചെയര്‍മാന്‍ റ്റി. കെ രമേശ് സെക്രട്ടറി അലിഅസ്ഹറിന് കൈമാറി നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭയിലെ വിവിധ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റകളും കൈമാറി. തുടര്‍ന്ന് പ്രതിജ്ഞയെടുക്കലും നടന്നു. ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൊലോസ് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ലിഷ, കെ റഷീദ്, സി കെ സഹദേവന്‍, ടോംജോസ്, ഷാമില ജുനൈസ്, കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.