കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വായനാശ്രീ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വായനാ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനാശ്രീ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലൈബ്രറികളില്‍ സൗജന്യ മെമ്പര്‍ഷിപ്പ് നല്‍കും. സര്‍ഗോത്സവങ്ങളും, ചലച്ചിത്ര മേളകളും സംഘടിപ്പിക്കും. ജില്ലയിലെ വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിജിലന്റ് ഗ്രൂപ്പ് മാസാചരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വായനാശ്രീ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഇ-സാക്ഷരത പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.
ചടങ്ങില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാക്കൂബ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, എ.ഡി.എം.സിമാരായ കെ.ടി. മുരളി, വാസു പ്രദീപ്, ഡി.പി.എം ആശ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.