വയനാടിന്റെ ആരോഗ്യ മേഖലക്ക് അനിവാര്യമായതും ചിരകാല ആവശ്യവുമായ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനായി വിദഗ്ധ സമിതി നിര്‍ദ്ദേശിച്ച സ്ഥലം സര്‍ക്കാര്‍ അംഗീകരിക്കരുതെന്ന് സുല്‍ത്താന്‍ ബത്തേരിയുടെ വികസനം വാട്‌സാപ് കൂട്ടായ്മ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാള്‍ മെഡിക്കല്‍ കോളേജ് എന്നതിലൂടെ വയനാട്ടുകാര്‍ ആവശ്യപ്പെടുന്നത് വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാവുക എന്നതാണ്.ചികിത്സ തേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആംബുലന്‍സുകളില്‍ ജീവന്‍ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങള്‍ക്ക് അറുതിയാവണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം.വയനാടിന്റെ വടക്കേയറ്റത്ത് കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് വരുന്നതില്‍ വയനാട്ടുകാര്‍ക്ക് യാതൊരു ഉപകാരവുമില്ല.
വയനാട്ടിലെ ആശുപത്രികളില്‍ വലിയൊരു ശതമാനം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുള്ളവരാണ്. അവര്‍ക്കും ബഹുഭൂരിഭാഗം വയനാട്ടുകാര്‍ക്കും നിര്‍ദ്ദിഷ്ട പ്രദേശത്തെക്കാള്‍ സൗകര്യം കോഴിക്കോട് തന്നെയായിരിക്കും.കല്‍പറ്റ – മീനങ്ങാടി – പനമരം തുടങ്ങിയ പ്രദേശങ്ങള്‍ക്കിടയില്‍ ധാരാളം ഭൂമി ലഭ്യമായിരിക്കേ വടക്കേയറ്റത്ത് തന്നെ അനുയോജ്യ സ്ഥലം നിര്‍ണ്ണയിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ദുരൂഹമാണ്.ഈ അശാസ്ത്രീയ സ്ഥലനിര്‍ണ്ണയത്തിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും മൂന്ന് എം.എല്‍ എ മാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ഭരണഘടനാ സ്ഥാപനങ്ങളും പൊതുപ്രവര്‍ത്തകരും ജനകീയ കൂട്ടായ്മകളും ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്.ഉദ്യോഗസ്ഥ കണ്ടെത്തലുകളിലെ ജനാധിപത്യ വിരുദ്ധത സര്‍ക്കാരിനെ ബോധ്യപ്പെടുത്തി ഈ റിപ്പോര്‍ട്ട് അംഗീകരിപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത ഭരണകക്ഷിയിലെ ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.