വയനാട് മെഡിക്കല്‍ കോളേജ് അട്ടിമറിയില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ മറുപടി പറയണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പി.പി ആലി.വയനാട് മെഡിക്കല്‍ കോളേജ് അട്ടിമറിക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കമ്മീഷന്‍ താല്‍പര്യത്തിന് പിന്നാലെ പോയതാണ് വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതിന് കാരണമെന്നും, കല്‍പ്പറ്റ നിയോജക മണ്ഡലം സി കെ ശശീന്ദ്രന്‍ എം എല്‍ എ യും സിപിഐഎമ്മും ഒത്തുകളിച്ചു വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍,എവിടെയാണോ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചത് അവിടെ തന്നെ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുമെന്നുപറഞ്ഞ സി.കെ ശശീന്ദ്രന്‍ എംഎല്‍എക്ക് ഇപ്പോള്‍ വയനാട്ടിലെ ജനങ്ങളോട് എന്തു പറയാനുണ്ടെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാറിന് സൗജന്യമായി ലഭിച്ച ഭൂമി ഒഴിവാക്കി, ചുണ്ടേലില്‍ ഭൂമി വിലകൊടുത്തു വാങ്ങാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഡിഎം വിംസ് ഏറ്റെടുക്കാന്‍ നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. നേതാക്കളായ അഡ്വ. ഡി.ജെ ഐസക്ക് , പി.കെ അനില്‍കുമാര്‍, സംഷാദ് മരക്കാര്‍, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.