വിലയിടിവും വാങ്ങാനാളുമില്ല തകര്‍ന്നടിഞ്ഞ് ജില്ലയിലെ കാര്‍ഷിക മേഖല.
പഴം,ഇഞ്ചി, ചേനയുള്‍പ്പടെയുള്ള വിളകള്‍ക്ക് കുത്തനെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് ദുരിതമായിരിക്കുന്നത്. ഇതിനുപുറമെ ആവശ്യക്കാരില്ലാത്തതും കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിപ്പിക്കുകയാണ്.വന്യമൃഗശല്യത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിച്ച് കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്കൊന്നും വിലയില്ലാത്തതും ആവശ്യക്കാരില്ലാത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.
പഴം, ഇഞ്ചി, ചേന, കാച്ചില്‍, ചേമ്പ് അടക്കമുള്ള വിളകള്‍ക്ക് കുത്തനെ വിലയിടിഞ്ഞിരിക്കുകയാണ്. കൂടാതെ ഇവയ്ക്ക് ആവശ്യക്കാരും ഇല്ലാതായതോടെ ജില്ലയിലെ കര്‍ഷകര്‍ വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ വിപണി വില ഇഞ്ചിക്ക് ചാക്കിന് 900 രൂപയാണ്.
ഇത് കഴിഞ്ഞ വര്‍ഷം ഈ സമയം 4000 രൂപയായിരുന്നു. ചേനയ്ക്ക് 600ഉം, ചേമ്പ് കിലോയ്ക്ക് 25ഉം, കാച്ചിലിന് 15 രൂപയുമാണ് ഇപ്പോഴത്തെ വിപണി വില. സാധനങ്ങള്‍ വാങ്ങാനാളില്ലാതായതോടെ കച്ചവടക്കാരും ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും വാങ്ങുന്നതും നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷകര്‍. ലോക്ക് ഡൗണ്‍ കാലത്ത് കര്‍ണാടകയില്‍ അടക്കം ഉല്‍പാദനം കൂടിയതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കര്‍ഷകരില്‍ നിന്നും കാര്‍ഷികവിളകള്‍ ന്യായ വിലയില്‍ സംഭരിക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം.