സൗദി അറേബ്യയിൽ നിന്ന് 285 ഇന്ത്യൻ തടവുകാർ കൂടി നാടണഞ്ഞു
സൗദി അറേബ്യയിൽ തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായ 285 ഇന്ത്യൻ തടവുകാരെ കൂടി നാടുകടത്തി. ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. ദമ്മാം വിമാനത്താ വളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് ഇവരെ എത്തിച്ചത്.എട്ട് മലയാളികളും 20 തെലങ്കാന ആന്ധ്ര സ്വദേശികളും 18 ബിഹാറികളും 13 ജമ്മുകാശ്മീർ സ്വദേശികളും 12 രാജസ്ഥാനികളും 36 തമിഴ്നാട്ടുകാരും 88 ഉത്തർപ്രദേശുകരും 60 പശ്ചിമബംഗാൾ സ്വദേശികളുമാണ് സംഘത്തിലുള്ളത്.
ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ബുധൻ, വെള്ളി ദിവസങ്ങളിലായി റിയാദിൽ നിന്ന് 580 ഇന്ത്യൻ തടവുകാർ നാട്ടിലെത്തിയിരുന്നു. ഇതിലും ദമ്മാമിൽ പിടിയിലായവർ ഉണ്ടായിരുന്നു. കോവിഡ് തുടങ്ങിയ ശേഷം എട്ട് മാസത്തിനിടെ സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 4608 ആയി.