ആദ്യമായി കുറുക്കന്‍ സര്‍വ്വേ
കേരളത്തില്‍ ആദ്യമായി കുറുക്കന്‍മാരുടെ സര്‍വ്വേ നടത്തുന്നു.എറണാകുളം ആസ്ഥാനമായി അഖിലേന്ത്യ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരണ്യകം നേച്ചര്‍ ഫൗണ്ടേഷനാണ് പൊതുജന പങ്കാളിത്തത്തോടെ സര്‍വ്വേ ആരംഭിച്ചിരിക്കുന്നത്.
ആരണ്യകം ഫൗണ്ടേഷന്‍ പുതിയതായി മുന്നോട്ട് വെക്കുന്ന പഠനപ്രവര്‍ത്തനമാണ് കേരളത്തിലെ കുറുക്കന്‍/കുറുനരി/ഊളന്‍ സര്‍വ്വേ.ഒരുകാലം വരെ കേരളത്തില്‍ ധാരാളമായി കണ്ടുവന്നിരുന്നതും, ഗ്രാമീണ മേഖലയില്‍ പലപ്പോഴും സാമൂഹികപ്രശ്‌നങ്ങള്‍ സൃഷിടിച്ചിരുന്നതുമായ നായയുടെ വര്‍ഗ്ഗത്തില്‍ അഥവാ കാനസ് ജനുസ്സില്‍ പെടുന്നമൃഗമാണ് കുറുക്കന്‍ അഥവാ കുറുനരി അഥവാ ഊളന്‍. എന്നാല്‍ ഇന്ന് ഇവയുടെ എണ്ണവും സാന്നിധ്യവും വളരെയധികം കുറഞ്ഞതായി കരുതപ്പെടുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും കുറുക്കന്റെ സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ വന്നിട്ടുള്ള വ്യതിയാനങ്ങള്‍ ആയിരിക്കാം ഇവയുടെ അസാന്നിധ്യത്തിന് കാരണമായത് എന്ന വസ്തുത കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം പൊതുജനങ്ങളില്‍നിന്നും crowd sourcing പഠനരീതി അവലംബിച്ചുകൊണ്ട് അവരവരുടെ പ്രദേശത്തെ കുറുക്കന്മാരുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ക്രോഡീകരണമാണ് ഈ സര്‍വ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്.